
ചേർത്തല: പ്രായത്തെ തോൽപ്പിച്ച് കായിക മത്സരങ്ങളിൽ സ്വർണ മെഡലുകൾ വാരിക്കൂട്ടുകയാണ് ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡിൽ തെക്കേവെളിയിൽ 74 കാരിയായ കെ വാസന്തി. 32 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് വാസന്തിയുടെ കായിക പ്രേമം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ധാരളം മത്സരങ്ങളിൽ പങ്കെടുത്തു വിജയങ്ങൾ നേടിയിട്ടുണ്ട് ഈ അമ്മ. 32 വർഷം മുമ്പ് ചേർത്തല വാരനാട് മാക്ഡൗൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വാസന്തി ഓട്ട മത്സരത്തിൽ ആദ്യമായി പങ്കെടുത്തത്.
തുടർന്ന് നാഷണൽ മീറ്റിൽ ഹരിയാനയിലും പങ്കെടുത്തതോടെ നാട്ടിലെ താരമായി വാസന്തി മാറി. ജോലി ചെയ്തിരുന്ന സ്ഥലത്തും നാട്ടിലെ പ്രാദേശിക ക്ലബ്ബുകളിലും സ്വീകരണങ്ങൾ കിട്ടിയതോടെ കായിക പ്രേമം ജീവിതത്തിന്റെ ഭാഗമായി മാറ്റാൻ തീരുമാനിച്ചു. 2006 ൽ ബാംഗ്ലൂരിൽ വച്ച് നടന്ന ഏഷ്യൻ മീറ്റിൽ 5000 മീറ്റർ നടത്തത്തിൽ സ്വർണ്ണ മെഡൽ, 1500 ൽ വെള്ളി മെഡൽ, 3000 മീറ്റർ ഹാർഡ്ലിസിൽ വെങ്കലവും കരസ്ഥമാക്കിയാണ് വാസന്തി നാട്ടിലേയ്ക്ക് മടങ്ങിയത്.
2016 ൽ സിങ്കപ്പൂരിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ പണം ഇല്ലാതെ വിഷമിച്ചപ്പോൾ നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഒരു ലക്ഷം രൂപ സ്വരൂപിച്ച് വാസന്തിക്ക് നൽകിയിരുന്നു. അന്ന് 5 കിലോമീറ്റർ നടത്തം, 2000 മീറ്റർ സ്റ്റിപ്പിൾ ചെയ്സ് എന്നി ഇനങ്ങളിൽ രണ്ടിനും വെള്ളി മെഡൽ വാങ്ങി. 2017ൽ സംഘടനകളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഒന്നേകാൽ ലക്ഷം രൂപ സ്വരൂപിച്ച് ചൈനയിലും മത്സരത്തിനായി പോയി.
2023 ഫെബ്രുവരിയിൽ കൽക്കട്ട, മാർച്ചിൽ എറണാകുളത്തും, ഏപ്രിൽ തലശേരി, മെയ്യിൽ തൃശൂരിലുമായി 12 ഇനങ്ങളിൽ പങ്കെടുത്തു. ഇതിൽ 8 സ്വർണ്ണ മെഡലും, 3 വെള്ളിമെഡലും നേടി. ഭർത്താവ് വിജയൻ നാല് വർഷം മുമ്പ് മരിച്ചു. ദിവസവും പുലർച്ചെ നാല് മണിയ്ക്ക് എഴുന്നേറ്റ് പരിശീലനം നടത്തും. ഇതുവരെ ആരും വാസന്തിയ്ക്ക് പരിശീലകരില്ല. ഈ മാസം 27 മുതൽ 29 വരെ ദുബായിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ വാസന്തി. ദുബായിലെ മത്സരത്തിൽ പങ്കെടുക്കാനായി 85,000 രൂപയോളം ആവശ്യമുണ്ട്. നാട്ടുകാരും കൂടാതെ കോക്കോതമംഗലം സെന്റ് ആന്റണീസ് സ്കൂളിലെ 86-87 പഠന കൂട്ടായ്മയുടെ നേതൃത്വത്തിൽ 50, 000 രൂപ നൽകി. ബാക്കി തുകയ്ക്കായി കാത്തിരിക്കുകയാണ് വാസന്തി. മക്കൾ: വിനോദ് കുമാർ, മധു, മനോജ്.
Read More : ‘ലൈറ്റ് പണിയായി, 3 ബോട്ടുകളെ പൊക്കി’; ഉടമക്ക് കിട്ടിയത് 7 ലക്ഷം രൂപയുടെ പിഴ, 3.5 ലക്ഷത്തിന്റെ മീനും പോയി!
Last Updated Oct 7, 2023, 2:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]