
തൃശ്ശൂർ :ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കുമായി സൗജന്യ ആയുര്‍വേദ പരിചരണം ഉറപ്പാക്കുന്ന പദ്ധതി
പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കുമായുള്ള ജനനി പദ്ധതിയ്ക്ക് തുടക്കമാകുന്നു. ഗര്‍ഭാവസ്ഥയില്‍ അഞ്ചുമാസം മുതല്‍ പ്രസവാനന്തരം 41 ദിവസം വരെ ആവശ്യമായ ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും ആയുര്‍വേദമരുന്നുകളും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പഞ്ചായത്തിലെ എല്ലാ സ്ത്രീകള്‍ക്കും ജനനിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാത്ത ഗര്‍ഭ – പ്രസവാനന്തര ആയുര്‍വേദ ചികിത്സാ രീതികളെ ഒഴിവാക്കുവാനും ശാസ്ത്രീയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ സഹായത്തോടെ ഓരോ ഗര്‍ഭിണിക്കും ആവശ്യമായ തരത്തില്‍ പരിചരണം ഉറപ്പാക്കുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജനനിയുടെ ഭാഗമായി അടുത്ത ബുധനാഴ്ച മുതല്‍ പുത്തൂര്‍ ആയുര്‍വേദ ഡിസ്പെന്സറിയില് ഗര്‍ഭിണി – പ്രസവാനന്തര ക്ലിനിക്ക് ആരംഭിക്കും. എല്ലാ ബുധനാഴ്ചകളിലും രാവിലെ 11 മുതല്‍ ഒരു മണി വരെയായിരിക്കും പ്രവര്‍ത്തന സമയം.
ഒരു ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 45 ഗര്‍ഭിണികള്‍ക്കുള്ള അവസരമാണ് നിലവിലുള്ളത്. ഒരു ഗര്‍ഭിണിക്ക് 3000 രൂപ വരെയുള്ള മരുന്നുകളും സൗജന്യ നിര്‍ദ്ദേശങ്ങളും ഗര്‍ഭ – ശിശു പരിചരണ ബോധവല്‍ക്കരണ പരിപാടികളുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. 113 പേര് ഇതിനോടകം പദ്ധതിയുടെ ഭാഗമാകാന്‍ അവസരം തേടിയിട്ടുണ്ട്. പദ്ധതി തുടക്കം കുറിക്കുന്നതിന് മുന്നോടിയായി നടന്ന ഉദ്ഘാടനകര്‍മ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ് നിര്‍വഹിച്ചു. പുത്തൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ഹയര്‍ ഗ്രേഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസിലിന് ജോസാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
അംഗനവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ജനനി പദ്ധതി. ഇവര്‍ക്കായുള്ള പരിശീലന ക്ലാസുകളും നടത്തി. ജനനിയുടെ ഭാഗമാകുന്ന ഗര്‍ഭിണികള്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും.