പൂച്ചാക്കൽ ∙ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം ഈ മാസം 18-ന് നടത്താൻ ആലോചന. രാവിലെ 10-ന് മാക്കേക്കടവ് ഭാഗത്ത് മുഖ്യമന്ത്രി വി.ഡി.
സതീശൻ പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കെ.സി.
വേണുഗോപാൽ എംപി തുടങ്ങിയവരുടെ സൗകര്യപ്രദമായ തീയതി പരിഗണിച്ചാണ് 18-ാം തീയതി നിശ്ചയിച്ചിട്ടുള്ളതെന്നാണ് സൂചന. അതേസമയം, പാലം കാണാൻ എത്തുന്നവരുടെ ജനത്തിരക്ക് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ജനങ്ങളാണ് ഇന്നലെ മാത്രം ഇവിടെയെത്തിയത്. നിലവിൽ പാലത്തിലൂടെ വാഹനഗതാഗതം അനുവദിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ മാക്കേക്കടവ് – നേരേകടവ് പാലം ഇതിനോടകം തന്നെ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.
അതേസമയം, പാലം യാഥാർത്ഥ്യമായി തുറന്നുകൊടുക്കുമ്പോൾ മാക്കേക്കടവിലേക്കുള്ള റോഡുകളുടെയും പ്രധാന കവലകളുടെയും വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. മാക്കേക്കവല മുതൽ മാക്കേക്കടവ് വരെയുള്ള റോഡിന്റെ വികസനം, തൈക്കാട്ടുശേരി പാലം മുതൽ മാക്കേക്കവല വരെയുള്ള റോഡിന്റെയും കവലകളുടെയും വികസനം എന്നിവയാണ് നാട്ടുകാർ പ്രധാനമായും ഉന്നയിക്കുന്നത്.
മാക്കേക്കവല മുതൽ മാക്കേക്കടവ് വരെയുള്ള അര കിലോമീറ്ററോളം റോഡ് നിലവിൽ വൈദ്യുതി കേബിൾ കടത്തിവിടാൻ ഭൂഗർഭ കുഴികൾ എടുത്തതിനെ തുടർന്ന് തീർത്തും ശോച്യാവസ്ഥയിലാണ്. തൈക്കാട്ടുശേരി പാലം മുതൽ മാക്കേക്കവല വരെയുള്ള തൈക്കാട്ടുശേരി പി.എസ് കവല, മണിയാതൃക്കൽ കവല, ചീരാത്തുകാട് കവല, മാക്കേക്കവല എന്നിവയും വികസിപ്പിക്കേണ്ടതുണ്ട്.
ഈ കവലകളെല്ലാം തന്നെ കുപ്പിക്കഴുത്തിന് സമാനമായ രീതിയിലാണ് സ്ഥിതി ചെയ്യുന്നത്. പിഎസ് കവലയ്ക്കു സമീപം മൂന്നു സ്കൂളുകളും തൈക്കാട്ടുശേരി ആശുപത്രി, പഞ്ചായത്ത് – വില്ലേജ് ഓഫിസുകൾ കൂടാതെ നിരവധി ആരാധനാലയങ്ങളും ഉള്ളതിനാൽ ഇവിടെ എപ്പോഴും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മാക്കേക്കവല വികസിപ്പിച്ച് ട്രാഫിക് സിഗ്നൽ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. തീരദേശത്തു നിന്നും ദേശീയപാതയിൽ നിന്നും വൈക്കം ഭാഗത്തേക്കും തിരികെയും തൈക്കാട്ടുശേരി, മാക്കേക്കടവ് പാലങ്ങളിലൂടെയുള്ള ഗതാഗതം വൻതോതിൽ വർധിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപകട
സാധ്യതകളും ഭാവിയിലെ വികസന സാധ്യതകളും ദീർഘവീക്ഷണത്തോടെ മനസ്സിലാക്കി അധികൃതർ അടിയന്തര നടപികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ശക്തമായി ആവശ്യപ്പെടുന്നത്. കൂടാതെ, റോഡരികിൽ പുല്ല് കാടുപിടിച്ചു വളരുന്നതും പലഭാഗങ്ങളിലും നടപ്പാതകൾ ഇല്ലാത്തതും ഉടൻ പരിഹരിക്കണമെന്നും, പ്രദേശത്ത് തെരുവു വിളക്കുകൾ തെളിക്കുന്നതിന് ആവശ്യമായ നടപടികൾ വേണമെന്നും ശക്തമായ ആവശ്യമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

