രാജ്യാന്തര സീനിയർ സിറ്റിസൻ ദിനത്തോട് അനുബന്ധിച്ച് മുതിർന്ന പൗരർക്കായി സംഘടിപ്പിച്ച ‘ആരോഗ്യത്തോടെ നല്ല പ്രായത്തിലേക്ക്’ എന്ന സെമിനാർ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി സദസ്സിൽ നിന്നുയർന്ന വിവിധ സംശയങ്ങൾക്കും ആശങ്കകൾക്കും റിട്ട.
പ്രഫ.ഡോ.ടി.ഡി. ഉണ്ണിക്കൃഷ്ണൻ കർത്താ, ഡോ.ഷാലിമ കൈരളി എന്നിവർ മറുപടി നൽകി.
സെമിനാറിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും താഴെ പറയുന്നവയാണ്:
ഇപ്പോഴുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും കോവിഡ് വാക്സിനേഷന്റെ പ്രത്യാഘാതമാണോ?
വളരെക്കുറച്ചു പേർക്കു ചില പ്രയാസങ്ങളുണ്ടാകാം. ഏതു മരുന്നിനും ചെറിയ തോതിൽ ചില പാർശ്വഫലങ്ങൾ ഉണ്ടാകാമല്ലോ.
അത്തരത്തിൽ കൊറോണ വാക്സിനേഷനു ശേഷം ചുരുക്കം ചിലർക്കു രക്തക്കുഴലിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടായി. അതല്ലാതെ, എല്ലാവരും ആശങ്കപ്പെടേണ്ട
പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഒരു ദിവസം 30 മിനിറ്റ് വീതം നടക്കണമെന്നാണല്ലോ.
അത് ഒറ്റത്തവണയായി വേണോ. 30 മിനിറ്റിലേറെ നടക്കാമോ?
ഒറ്റത്തവണയായി നടക്കുന്നതാണു നല്ലത്.
ഏതു വ്യായാമത്തിലും വാം അപ്, ആക്ടീവ്, കൂളിങ് എന്നിങ്ങനെ 3 ഘട്ടമുണ്ട്. പല തവണയായി അൽപാൽപം വീതം നടക്കുമ്പോൾ ആക്ടീവ് സമയം കുറയും.
തീരെ പറ്റുന്നില്ലെങ്കിൽ രണ്ടോ മൂന്നോ തവണയായി നടക്കുക. ചുരുങ്ങിയത് 30 മിനിറ്റ്.
ഒരു മണിക്കൂർ വരെ നടക്കുന്നത് ഉത്തമം. ഏതു പ്രായക്കാർക്കും സാധിക്കുന്നത്ര സമയം നടക്കാം.
നടക്കുന്നതാണോ യോഗ ചെയ്യുന്നതാണോ കൂടുതൽ നല്ലത്?
രണ്ടിന്റെയും ധർമം രണ്ടാണ്. നടക്കുന്നത് കാർഡിയോ വ്യായാമമാണ്.
സാധാരണ യോഗാസനങ്ങൾ കൂടുതലും സന്തുലിതാവസ്ഥയും ചലനവുമായി ബന്ധപ്പെട്ടതാണ്. പേശീബലം കിട്ടാൻ അതു മതിയാകില്ല.
കടപ്പുറത്തു നഗ്നപാദരായിട്ടാണോ നടക്കേണ്ടത്?
പാദരക്ഷ ഇല്ലാത്തതാണു പേശികൾക്കു നല്ലത്. എന്നാൽ നമ്മുടെ ബീച്ചുകളിലും നടപ്പാതകളിലും പാദരക്ഷ ഇല്ലാതെ നടന്നാൽ കാലിൽ കുപ്പിച്ചില്ലും കല്ലും മറ്റും കയറി മുറിവുണ്ടാകാം.
അതു കൂടുതൽ കുഴപ്പമാകും. അതിനാൽ ഷൂ ഇട്ട് നടക്കുക.
പ്രായമാകുമ്പോൾ പേശി പിടിത്തം ഉണ്ടാകുന്നതിന് എന്താണു പരിഹാരം?
പേശി പിടിത്തത്തിനു പ്രത്യേക കാരണം പറയാനാകില്ല. ധാരാളം വെള്ളം, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാം.
രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്കു ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ?
പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല എന്നതിനാൽ മരുന്ന് കഴിച്ചു രോഗം നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്. ഒരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ നിർത്തരുത്.
ഉപ്പും പഞ്ചസാരയും ഇടാത്ത നാരങ്ങാവെള്ളം എന്നും രാവിലെ കുടിക്കുന്നത് നല്ലതാണോ?
ഇടയ്ക്കൊക്കെ കുടിക്കാമെന്നല്ലാതെ എന്നും വേണ്ട. ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്.
കരൾ, വൃക്ക രോഗങ്ങൾ, മുട്ട് സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നതിനു കാരണമെന്താണ്?
ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണു പ്രധാന കാരണം. തെറ്റായ ആഹാരരീതി, വ്യായാമക്കുറവ്, പൊണ്ണത്തടി– ഇതെല്ലാം രോഗങ്ങളുണ്ടാക്കും.
താങ്ങാവുന്നതിലേറെ ഭാരം കാൽമുട്ടിനു ബുദ്ധിമുട്ടുണ്ടാക്കും. ഭാരം നിയന്ത്രിച്ചു നിർത്തുക.
പേശീനഷ്ടം (മസിൽ ലോസ്) ഈ പ്രായത്തിൽ കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ സാധിക്കുമോ?
ജിമ്മിൽ പോയി പ്രതിരോധ വ്യായാമങ്ങൾ (റെസിസ്റ്റന്റ് ട്രെയ്നിങ്) ചെയ്യുക. ഭക്ഷണത്തിൽ പ്രോട്ടീൻ അളവ് കൂട്ടുക.
വൃക്ക രോഗങ്ങളില്ലെങ്കിൽ പ്രോട്ടീൻ പൗഡർ പോലുള്ളവ നിയന്ത്രിതമായി ഉപയോഗിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

