പശ്ചിമേഷ്യയിലെ നിലവിലുള്ള യുദ്ധസാഹചര്യത്തെ തുടർന്ന് ഇതിനോടകം തന്നെ ഉയർന്ന നിലയിലുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും കുത്തനെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ടിക്കറ്റ് നിരക്കുകൾക്കൊപ്പം നേരിട്ടുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാനും വിവിധ വിമാന കമ്പനികൾ തീരുമാനിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്.
ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രവാസികളെയായിരിക്കും. പൊതുമേഖല എണ്ണക്കമ്പനികൾ വിമാന ഇന്ധനമായ എടിഎഫ് (ATF) വിലയിൽ വരുത്തിയ വലിയ വർധനയാണ് പുതിയ ആശങ്കകൾക്ക് കാരണം.
ലീറ്ററിന് 16 രൂപയുടെ വർധനയാണ് ഇന്ധനവിലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ എടിഎഫ് വില ലീറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ലീറ്ററിന് 6.28 രൂപയും ഓഗസ്റ്റിൽ 5 രൂപയും ഇന്ധനവില വർധിച്ചിരുന്നു. വിമാനക്കമ്പനികളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിന്റെ ഏകദേശം 60 ശതമാനവും വരുന്നത് ഇന്ധനവിലയ്ക്കാണ്.
അതിനാൽ ഇന്ധനവിലയിലെ ഈ കുതിച്ചുചാട്ടം നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരുടെ യാത്രാച്ചെലവിനെയാണ്. നിലവിൽ തന്നെ ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് താങ്ങാനാവാത്ത അവസ്ഥയിലാണുള്ളത്.
ഇന്ധന വിലക്കയറ്റം യാത്രാ നിരക്കുകളെ മാത്രമല്ല, ഫ്ലൈറ്റ് ഷെഡ്യൂളുകളെയും ചരക്കുനീക്കത്തെയും ഒരുപോലെ പ്രതികൂലമായി ബാധിക്കും. പെട്ടെന്ന് കേടായിപ്പോകുന്ന പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് എയർ കാർഗോയെയാണ്.
ചരക്കുകൂലി വർധിക്കുന്നതോടെ കയറ്റുമതിയും ചെലവേറിയതായി മാറും. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേന്ത്രപ്പഴവും പച്ചക്കറികളും വലിയ തോതിൽ കയറ്റി അയക്കുന്നത് എയർ കാർഗോ വഴിയാണ്.
ബിസിനസ് യാത്രകൾ, വിനോദയാത്രകൾ, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനുള്ള യാത്രകൾ എന്നിവയാണ് പ്രധാനമായും വിമാനക്കമ്പനികളുടെ നിലനിൽപ്പിന് ആധാരം. എന്നാൽ ഇന്ധനവില വർധിക്കുമ്പോൾ ഈ വിഭാഗങ്ങളിലെ യാത്രാവരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും.
ഇത് പല കമ്പനികളെയും ഡയറക്ട് വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിക്കും. ഉദാഹരണത്തിന്, മുൻപ് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്ന കമ്പനികൾ, ഭാവിയിൽ ബെംഗളൂരു വഴി സർവീസ് നടത്താൻ നിർബന്ധിതരായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

