മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തന ശൈലിയെ വിമർശിച്ചുകൊണ്ട് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നിലവിൽ സിപിഎമ്മിന് താൻ കൊള്ളാത്തവനായി മാറിയെന്നും എന്നാൽ ശബരിമല വിഷയത്തിൽ തന്നെ തലയിൽ ചുമന്നുകൊണ്ടു നടന്നവരാണ് ഇതേ സിപിഎമ്മുകാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫിനു രണ്ടുതവണ ഭരണം ലഭിക്കാൻ കാരണം പിണറായി വിജയന്റെ കഴിവ് മാത്രമാണ്.
എന്നാൽ അന്ന് വാഴ്ത്തിപ്പാടിയവർ തന്നെ ഇപ്പോൾ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തുകയാണ് ചെയ്തതെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ വിവിധ മന്ത്രിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വിമാനയാത്രയുടെ കാര്യത്തിൽ വി.ഡി. സതീശൻ ആവർത്തിച്ച് നുണ പറയാൻ ശ്രമിച്ചെന്നും ഒരു പാർട്ടിക്കാരന്റെ ഹെലികോപ്റ്ററാണ് ഉപയോഗിച്ചതെന്ന കാര്യം അദ്ദേഹം ആദ്യമേ വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
സതീശൻ തന്റെ ശൈലി മാറ്റണമെന്നും താനൊരു പ്രതിപക്ഷ നേതാവാണെന്ന കാര്യം ഇടയ്ക്കു മറന്നുപോകുന്നുണ്ടെന്നും കുറച്ചുകൂടി പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതികളാണ് ആവശ്യകമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിക്കുന്ന അവസ്ഥയാണുള്ളത്. അതിനാൽ ആരോഗ്യ വകുപ്പ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്രയെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, എം.കെ. മുനീറിനെ ഭരണ പരിഷ്കാര കമ്മിഷൻ തലവനായി നിയമിച്ചതിൽ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം വളരെ മാന്യനായ ഒരു നേതാവാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാർക്ക് ഇടാനുള്ള സമയം ഇതായിട്ടില്ലെന്നും സർക്കാർ അധികാരത്തിൽ വന്ന് തൊട്ടുതുടങ്ങി വരുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

