കൊടുങ്ങല്ലൂർ കോടതി വരാന്തയിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന ചരിത്ര പ്രാധാന്യമുള്ള ‘മുക്കാലി’ ഹൈക്കോടതി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. കൊടുങ്ങല്ലൂർ കോടതി സമുച്ചയത്തിലെ മുൻസിഫ് കോടതി വരാന്തയിൽ സൂക്ഷിച്ചിരുന്ന ഈ മരനിർമിത ഉപകരണം ഇനി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിന്റെ ഭാഗമായ മ്യൂസിയം ശേഖരത്തിലേക്ക് മാറും.
രാജഭരണകാലത്ത് കുറ്റവാളികളെ മുക്കാലിയിൽ കെട്ടിയിട്ട് ചാട്ടവാർ ഉപയോഗിച്ചു ശിക്ഷിച്ചിരുന്നുവെന്നാണ് ലഭ്യമായ ചരിത്ര വിവരങ്ങൾ. ‘മുക്കാലിയിൽ കെട്ടിയിട്ട് അടിക്കുക’ എന്ന പ്രയോഗം മലയാളികളുടെ സംസാര ഭാഷയിൽ ഇന്നും നിലനിൽക്കുന്നുണ്ട്.
ആ പ്രയോഗത്തിന് പിന്നിലെ യാഥാർഥ്യം നേരിൽ കാണാൻ കഴിയുന്ന ചരിത്രാവശിഷ്ടമാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന ഈ മുക്കാലി. തടി ഉപയോഗിച്ചു നിർമിച്ചിരിക്കുന്ന മുക്കാലിക്ക് മൂന്ന് കാലുകളാണുള്ളത്.
ശിക്ഷയ്ക്ക് വിധേയനായ വ്യക്തിയെ അതിൽ ബന്ധിച്ചു നിർത്തി ചാട്ടവാർ ഉപയോഗിച്ചു അടിക്കുന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ശാരീരിക ശിക്ഷാ ഉപകരണങ്ങൾ പിന്നീട് മ്യൂസിയങ്ങളിൽ ചരിത്രാവശിഷ്ടങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
മുക്കാലി ഹൈക്കോടതി മ്യൂസിയത്തിൽ എത്തുന്നതോടെ, ‘ശിക്ഷയുടെ ഉപകരണം’ എന്ന നിലയിൽ ഉപയോഗിക്കപ്പെട്ട ഒരു വസ്തു ‘നീതിന്യായ ചരിത്രത്തിന്റെ രേഖ’ എന്ന നിലയിലേക്ക് മാറുകയാണ്.
മുക്കാലി ഹൈക്കോടതിയിൽ എത്തിക്കാനുള്ള നിർദേശം കൊടുങ്ങല്ലൂർ കോടതിക്ക് ലഭിച്ചിട്ടുണ്ട്. വൈകാതെ മുക്കാലിയുടെ സ്ഥലം മാറ്റമുണ്ടായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

