മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധവും വഴിതടയലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നു മുൻകൂട്ടി വിവരം ലഭിച്ചിട്ടും സുരക്ഷ ശക്തമാക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. യുവമോർച്ചയുടെ പ്രതിഷേധം സംബന്ധിച്ച് കൃത്യമായ വിവരം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് ഗൗരവമായി പരിഗണിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി കമ്മീഷണറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ചാക്കയിൽവച്ച് മുഖ്യമന്ത്രിക്ക് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച സമയത്ത് സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല.
രാവിലെ തന്നെ പ്രതിഷേധ സാധ്യത സംബന്ധിച്ച് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു. മന്ത്രി കെ.എം.ഷാജിയെ യുവമോർച്ച പ്രവർത്തകർ ഇരുപത് മിനിറ്റോളമാണ് വഴിയിൽ തടഞ്ഞുവെച്ചത്.
ഈ സമയത്തും സ്ഥലത്ത് പൊലീസെത്തിയിരുന്നില്ല. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് പിന്നീട് നടന്നുപോകേണ്ട
ദയനീയ സാഹചര്യമാണുണ്ടായത്. ഏറെനേരം കാത്തുനിന്നിട്ടും പൊലീസ് സ്ഥലത്തെത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഈ സംഭവം അതീവ ഗൗരവമുള്ള സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കെപിസിസി, ഡിസിസി ഓഫിസുകൾക്ക് മതിയായ സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമായി നിർദ്ദേശിച്ചിരുന്നെങ്കിലും അവിടങ്ങളിൽ പൊലീസുകാരെ വിന്യസിച്ചില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
രണ്ട് പൊലീസുകാരുടെ കാവലുണ്ടായിരുന്ന ബിജെപി സംസ്ഥാന ഓഫിസായ മാരാർജി ഭവനുനേരെയും ആക്രമണമുണ്ടായി. പൊലീസ് സന്നാഹം ഒരുക്കുന്നതിലും കന്റോൺമെന്റ് സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ലാത്തിച്ചാർജിലും ഡിജിപി ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.
സുരക്ഷ വർധിപ്പിച്ചു
വരും ദിവസങ്ങളിലും സംഘർഷങ്ങൾക്കും പ്രതിഷേധ സമരങ്ങൾക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ സിഐമാർക്ക് പ്രത്യേക ചുമതല നൽകി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, സംസ്ഥാന ഓഫിസുകൾക്ക് മുന്നിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വേദി മാറ്റിയതിലും അന്വേഷണം
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ വേദി അവസാന നിമിഷം മാറ്റിയ സംഭവത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽനിന്നു പ്രതിഷേധം ആരംഭിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് ഇത് മെൻസ് ഹോസ്റ്റലിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

