തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന മരുന്ന് ക്ഷാമം സങ്കീർണ്ണമായി തുടരുന്നു. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ ലഭ്യമാക്കാന്‍ സാധിക്കൂ എന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ആരോഗ്യവകുപ്പ് ആകെ 900 കോടിയോളം രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന സാമ്പത്തിക ബാധ്യതയാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
കുടിശ്ശിക പൂര്‍ണ്ണമായി അടച്ചുതീര്‍ക്കാത്ത സാഹചര്യത്തില്‍ കെഎംഎസ്സിഎല്ലില് നിന്ന് വേഗത്തില്‍ മരുന്നുകള്‍ ലഭ്യമാക്കുക പ്രയാസകരമാണ്. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെയും മരുന്നുകള്‍ എത്തിക്കാനായിട്ടില്ല.
ഇതിനിടയിൽ ഏകദേശം 167ഓളം മരുന്നുകള്‍ക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ആളില്ലാത്തത് ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ജനറിക് മെഡിസിനുകളുടെ അസംസ്കൃത വസ്തുക്കളും ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. കുടിശ്ശിക തുക നല്കാത്തതിനാല് മരുന്നു നിര്‍മാതാക്കള്‍ വിമുഖത കാണിക്കുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
മുന്‍ സര്‍ക്കാര്‍ നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് ഇപ്പോഴത്തെ മരുന്ന് പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
ഇതിനിടയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

