ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ സാഹസികമായി നിയന്ത്രണം ഏറ്റെടുത്ത് നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച പൈലറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പൈലറ്റ് ഇന്ത്യക്കാരനാണെന്ന് വിദേശ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
മുംബൈ സ്വദേശിയായ സ്മിത് മച്ഛാർ ആണ് ഫ്ലൈ ദുബായ് യാത്രാ വിമാനം വിജയകരമായി നിയന്ത്രിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സ്മിത് മച്ഛാർ 2022 ജൂൺ മുതൽ ഫ്ലൈദുബായുടെ ബോയിംഗ് 737 വിമാനത്തിൽ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചു വരികയാണ്.
ഫ്ലൈ ദുബായിൽ ചേരുന്നതിനു മുൻപ് സ്പൈസ്ജെറ്റിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സ്പൈസ്ജെറ്റിൽ 11 വർഷം സേവനം അനുഷ്ഠിച്ച അദ്ദേഹം മറ്റ് പൈലറ്റുമാരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം 9,750 മണിക്കൂറിനു മുകളിൽ വിമാനം പറത്തിയുള്ള പ്രവൃത്തിപരിചയം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ സഹോദരനും പൈലറ്റാണ്.
ഇന്ത്യൻ കമ്പനിയായ ആകാശ എയറിൽ ജോലി ചെയ്തിരുന്ന സഹോദരനും അടുത്തിടെ ഫ്ലൈദുബായിൽ ചേർന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനം പറത്തുമ്പോൾ പൈലറ്റുമാർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് വിവരിക്കുന്ന സ്മിത് മച്ഛാറിന്റെ മുൻകാല അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സഹപൈലറ്റുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ സ്മിത് മച്ഛാർ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി വിവരങ്ങളുണ്ട്. ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം സൗദി അറേബ്യയിലെ തബൂക്കിലാണ് അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന 180 ഓളം ഇസ്രയേൽ യാത്രക്കാരും സുരക്ഷിതരാണ്. ബോയിങ് 737 വിമാനത്തിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്.
സഹപൈലറ്റ് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വടക്കൻ സൗദി അറേബ്യയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം വഴിതിരിച്ചുവിട്ടത്.
വിമാനം റാഞ്ചിയെന്നായിരുന്നു പ്രഥമ വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്തതാണെന്നും ഇസ്രയേൽ അധികൃതർ പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വെറും രണ്ട് മിനിറ്റിനുള്ളിലാണ് വിമാനം 34,000 അടി ഉയരത്തിൽ നിന്ന് ഏകദേശം 20,000 അടി താഴേക്ക് പതിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

