
മഥുര: സാധാരണ വസ്ത്രം ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ കയറി സന്യാസിയെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസ്. ഉത്തർപ്രദേശിലെ മഥുരയിലെ ഒരു ക്ഷേത്രത്തിലാണ് മധ്യപ്രദേശ് പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷൻ നടന്നത്. മധ്യപ്രദേശിലെ മൊറേനയിലെ ഒരു ഭൂമി തർക്ക കേസിലെ പ്രതിയായ രാം ശരൺ എന്ന സന്യാസിയെയാണ് സിനിമ സ്റ്റൈല്‍ ഓപ്പറേഷനിലൂടെ പൊലീസ് പിടികൂടിയിട്ടുള്ളത്.
മഥുരയിലേക്ക് രക്ഷപ്പെട്ട സന്യാസിയെ നഗരത്തിലെ രാം ജാനകി ക്ഷേത്ര ആശ്രമത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊറേനയിലെ ഒരു ക്ഷേത്രത്തിന്റെ ആറ് ഏക്കറിലധികം സ്ഥലത്ത് നിർമ്മിച്ച കടകളുടെ വാടക സ്വന്തമാക്കാൻ വ്യാജ ട്രസ്റ്റ് ഉണ്ടാക്കിയെന്നുള്ളതാണ് സന്യാസിക്ക് എതിരെയുള്ള കേസെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് വ്യക്തമായതോടെ ക്ഷേത്രത്തിന്റെ മേധാവിയാണ് പരാതി നൽകിയത്. 2021 നവംബർ മൂന്നിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ രാം ശരൺ കടന്നുകളയുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും രാം ശരൺ ഒളിവിൽ തുടർന്നു. വിഷയം മധ്യപ്രദേശ് ഹൈക്കോടതിയിൽ എത്തിയതോടെ സന്യാസിയെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇതില്‍ ഒരു സംഘം മഥുര ക്ഷേത്രത്തിൽ എത്തി സാധാരണ വസ്ത്രത്തില്‍ ഭക്തരെ പോലെ പെരുമാറി സന്യാസിയെ കുറിച്ച് അന്വേഷിച്ചു.
വിവരങ്ങള്‍ എല്ലാം ലഭിച്ചതോടെ പിന്നീട് മധുരപലഹാരങ്ങളും മാലകളുമായി അവർ സന്യാസിയുടെ അടുത്ത് എത്തി. പൊലീസുകാരില്‍ ഒരാള്‍ സന്യാസിയുടെ കാലില്‍ തൊട്ട് വണങ്ങുന്നതായി ഭാവിച്ച് തങ്ങള്‍ പൊലീസാണെന്നും അറസ്റ്റ് ചെയ്യാൻ എത്തിയതാണെന്നും പറഞ്ഞു. ക്ഷേത്രത്തിന് പുറത്ത് ആവശ്യത്തിന് പൊലീസുകാർ കാത്തുനിൽക്കുന്നുണ്ടെന്നും രക്ഷപെടാൻ നോക്കെണ്ടെന്നും സന്യാസിയെ അറിയിച്ചു. ഇതോടെ സന്യാസി പൊലീസ് മുന്നിൽ കീഴടങ്ങുകയായിരുന്നു. സന്യാസിയെ മൊറേനയിലെ കോടതിയിൽ ഹാജരാക്കി.
Last Updated Oct 6, 2023, 4:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]