കന്നട സിനിമാലോകത്തെ ശ്രദ്ധേയനായ താരം കോമൾ കുമാർ, പ്രമുഖ നടി മേഘ്ന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബഹുഭാഷാ ചിത്രം ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രിയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.
കോമഡിയും ഫാന്റസിയും ആത്മീയതയും ഒരുപോലെ കോർത്തിണക്കിയ ഈ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മേഘ്ന രാജ് അഭിനയത്തിലേക്ക് വീണ്ടും കടന്നുവരുന്നത് എന്നത് പ്രത്യേകതയാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് അഷറഫ് ഗുരുക്കൾ ആണ്. കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ഇതിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ മാത്രം 35 ദിവസങ്ങളാണ് എടുത്തത്.
“മേഘ്നക്ക് നിറയെ ഫൈറ്റ് വരുന്നുണ്ട് ചിത്രത്തിൽ. പഴയകാല യുദ്ധമുറകളോട് കൂടിയുള്ള ഫൈറ്റും ആധുനികമായ ഫൈറ്റും ചിലയിടങ്ങളിൽ അൽപം നർമം കലർന്നതുമായ ഫൈറ്റുകൾ വേണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്.
ഏകദേശം 35 ദിവസത്തോളം വേണ്ടിവന്നു ആ ഫൈറ്റ് തീർക്കാൻ. മൊത്തത്തിൽ 25 ഓളം ഫൈറ്റേഴ്സും, പത്തോളം കുതിരകളും.
ആദ്യം ഞാൻ അവർക്കു ചെയ്ത ഫൈറ്റ് ഏകദേശം 200 വർഷങ്ങൾക്കു മുൻപുള്ള ഒരു രീതി ആയിരുന്നു!” എന്ന് അഷറഫ് ഗുരുക്കൾ പറയുന്നു. ശിവമോഗ, കുന്ദാപുര തുടങ്ങിയ പ്രദേശങ്ങളിൽ കൂറ്റൻ സെറ്റുകൾ നിർമ്മിച്ചായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
നിലവിൽ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ കോമൾ കുമാർ, മേഘ്ന രാജ്, അനുഷ റായി എന്നിവർ തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.
ഒരു വേഷത്തിൽ കോമൾ കൊട്ടാര ചിത്രകാരനായും മറ്റൊരു വേഷത്തിൽ സിനിമാ സംവിധായകനായും വേഷമിടുന്നു. കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് ചിത്രത്തിൽ മേഘ്ന അഭിനയിക്കുന്നത്.
മലയാളവും കന്നഡയും ഒരുപോലെ കൈകാര്യം ചെയ്യുന്ന മേഘ്ന, കോമൾ കുമാറിനൊപ്പം ആദ്യമായിട്ടാണ് വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. സംവിധായകൻ സന്ദേശ് ഷെട്ടിയും ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു ദിവ്യശ്രീ, അക്ഷത, അരസു, മഹേഷ്, നാഗരാജ്, ചിത്രകല, ഉമേഷ് കിന്നൽ, മനീഷ് ഷെട്ടി, രാധാകൃഷ്ണ, മഹാബൽ ഭരതൻ, സിരി പ്രഭാകർ, എം കെ മഠ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
പി.ആര്.ഒ: പി.ശിവപ്രസാദ് (മലയാളം), ഡിജിറ്റൽ മാർക്കറ്റിംങ്: യു.വി ഡിജിറ്റൽ പ്രമോഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്ത്തകര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

