
ടൂറിൻ
സ്വന്തംതട്ടകത്തിൽ വിയ്യാറയലിനോട് മൂന്നു ഗോളിന് തോറ്റ് യുവന്റസ് ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്ത്. തുടർച്ചയായ മൂന്നാംവട്ടമാണ് യുവന്റസ് പ്രീ ക്വാർട്ടറിൽ മടങ്ങുന്നത്. ആദ്യപാദം 1–-1ന് പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 4–-1ന്റെ ജയത്തോടെ വിയ്യാറയൽ 13 വർഷത്തിനുശേഷം ക്വാർട്ടറിൽ കടന്നു.
നിലവിലെ ചാമ്പ്യൻമാരായ ചെൽസിയും അവസാന എട്ടിലിടം പിടിച്ചു. ഇരുപാദങ്ങളിലുമായി ലില്ലെയെ 4–-1ന് വീഴ്ത്തി.അവസാന 13 മിനിറ്റിലാണ് വിയ്യാറയൽ യുവന്റസിനെ ഞെട്ടിച്ചത്. അതുവരെ എതിർവലയിലേക്ക് ഒറ്റവട്ടംപോലും പന്ത് തൊടുക്കാത്ത സ്പാനിഷ് പട പകരക്കാരൻ ജെറാർഡ് മൊറേനോയിലൂടെ തുടങ്ങി. പൗ ടൊറെസും അർനൗദ് ദാനുമയും അവസാനിപ്പിച്ചു.
ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിൽ ആദ്യപകുതി മേധാവിത്തം യുവന്റസിനായിരുന്നു. മുന്നേറ്റക്കാരായ ദുസാൻ വ്ലാഹോവിച്ചിന്റെയും അൽവാരോ മൊറാട്ടയുടെയും ഷോട്ടുകൾ വിയ്യാറയൽ ഗോൾകീപ്പർ ജെറോ റുള്ളി രക്ഷപ്പെടുത്തിയത് വഴിത്തിരിവായി. ആദ്യപാദത്തിലെ രണ്ട് ഗോൾ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ലില്ലെയ്ക്കെതിരെ ചെൽസി എത്തിയത്. ബുറാക് യിൽമെസിലൂടെ ലില്ലെയാണ് ലീഡെടുത്തത്. ക്രിസ്റ്റ്യൻ പുലിസിച്ചും സെസാർ അസ്പ്ലിക്യുട്ടയും ചാമ്പ്യൻമാരുടെ ജയമുറപ്പിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]