കുന്ദമംഗലം–മുക്കം മലയോര മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ ഒക്ടോബർ 22-ന് സൂചനാ പണിമുടക്ക് നടത്തും. കുന്ദമംഗലം–മുക്കം മലയോര മേഖല ബസ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന സമരത്തിന്റെ ഭാഗമായി മേഖലയിലെ കെഎസ്ആർടിസി ഡിപ്പോകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കുന്ദമംഗലം, നരിക്കുനി, കൊടുവള്ളി, മുക്കം, താമരശ്ശേരി, മാവൂർ, എടവണ്ണപ്പാറ തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സമരത്തിന്റെ ഭാഗമായി നിരത്തിലിറങ്ങില്ല. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചത് സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കിയതായി ഉടമകൾ ആരോപിക്കുന്നു.
പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇന്ധനവില വർധനവ്, ജീവനക്കാരുടെ വേതനം, അറ്റകുറ്റപ്പണി, ഇൻഷുറൻസ് ചെലവുകൾ എന്നിവയ്ക്കിടയിൽ വരുമാനത്തിലുണ്ടായ ഇടിവ് ഉടമകളെയും തൊഴിലാളികളെയും ഒരുപോലെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ജില്ലയിലെ എംഎൽഎമാർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ചർച്ചകൾക്ക് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
സമരപരിപാടികൾ ഏകോപിപ്പിക്കാൻ ബാബു കൊളക്കാടൻ ചെയർമാനായും ബിജു പൂതക്കണ്ടി കൺവീനറായും സമരസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ തയാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ തുടർസമരങ്ങളിലേക്ക് കടക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

