കോട്ടയം ജില്ലയിൽ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയും പൊതുജനങ്ങളിൽ കടുത്ത ആശങ്ക പരത്തുകയും ചെയ്ത തെരുവുനായ പിടിയിലായി. അമ്പലക്കവലയിൽ നിന്നാണ് ആർപ്പൂക്കര പഞ്ചായത്ത് നിയോഗിച്ച ഡോഗ് ക്യാച്ചർ ഈ നായയെ പിടികൂടിയത്.
തുടർന്ന് സുരക്ഷിതമായി കോട്ടയം എബിസി കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമ്പലക്കവല, പനമ്പാലം, അങ്ങാടി, കുടമാളൂർ, തിരുവാറ്റ, വാരിശേരി, ചുങ്കം എന്നീ പ്രദേശങ്ങളിലായി മൊത്തം 15 പേരെയാണ് ഈ നായ ആക്രമിച്ചത്.
മറ്റ് തെരുവുനായ്ക്കളെയും ഈ നായ കടിച്ചിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വഴിയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും നിരന്തരം പിന്തുടർന്ന് ആക്രമിച്ച നായയെ പിടികൂടാൻ നാട്ടുകാരും അധികൃതരും ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും തുടക്കത്തിൽ വിജയം കണ്ടിരുന്നില്ല.
ഇതിനിടയിലാണ് അമ്പലക്കവലയിലും അങ്ങാടിയിലുമായി 4 പേർക്ക് കടിയേറ്റത്. വർക്ക് ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കഴിഞ്ഞദിവസം ശ്രീനാഥ് വി.അനിൽകുമാർ തെരുവുനായയുടെ ആക്രമണത്തിനിരയായത്.
കുമാരനല്ലൂർ വല്ല്യാലിൻ ചുവട്ടിലെ ഗീതമ്മ ഓട്ടമൊബീൽസിൽ ജോലി ചെയ്യുന്ന ശ്രീനാഥ്, വേളൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു. ചുങ്കത്തിനും വാരിശേരിക്കും ഇടയിലുള്ള സൂപ്പർ മാർക്കറ്റിൽ കയറാൻ വാഹനം നിർത്തി ഇറങ്ങിയപ്പോഴാണ് നായ കടിച്ചത്.
ചെരിപ്പൂരി എറിഞ്ഞതോടെയാണ് നായ ഓടിപ്പോയത്. തിരുവാറ്റ ഭാഗത്ത് ഒരാളെ കടിച്ച നായയാണ് തന്നെയും ആക്രമിച്ചതെന്ന് ശ്രീനാഥ് വ്യക്തമാക്കി.
“ചെറിയ പരുക്കേയുള്ളു. പെട്ടെന്നുണ്ടായ ആക്രമണമായതിനാൽ നായയെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
ഇത്രയും പേരെ നായ ആക്രമിച്ചെന്ന് അറിഞ്ഞതോടെ ഭയം തോന്നി.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ അദ്ദേഹം, തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
അതേസമയം, പൊതു ഇടങ്ങളിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സീൻ നൽകുന്നതും വന്ധ്യംകരിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പിടികൂടുന്നവയെ വന്ധ്യംകരിച്ച ശേഷം അതേസ്ഥലത്ത് തുറന്നു വിടരുതെന്നും ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്നുമുള്ള സുപ്രീംകോടതി നിർദേശമാണ് ഇതിന് കാരണം.
സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ വളപ്പിൽ നിന്നു പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ് നൽകിയ ശേഷം വീണ്ടും അതേ സ്ഥാപന വളപ്പിലേക്ക് തുറന്നുവിടരുതെന്നാണ് ഉത്തരവ്. മുൻപ് പിടികൂടിയിരുന്നവയെ വാക്സീനെടുത്ത ശേഷം ഇതേ സ്ഥലത്ത് തിരികെ വിടുന്നതിൽ തടസ്സമില്ലായിരുന്നു.
ഈ നിയമം മൂലം സ്കൂൾ പരിസരങ്ങളിലും ആശുപത്രികളിലും മറ്റിടങ്ങളിലും വന്ധ്യംകരിക്കാത്ത നായകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടാതെ, ആശുപത്രി പരിസരത്തും സ്കൂൾ പരിസരത്തും നായകൾക്ക് ഭക്ഷണം നൽകുന്നവരുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.
വളർത്തുനായ്ക്കളെ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണതയും നായകളുടെ പെരുപ്പത്തിന് കാരണമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

