കോട്ടയം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് (കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (ചീരംകുളം), കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ (തൃക്കൊടിത്താനം) ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16, 17, 18, 19 വാർഡുകൾ, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 17 വരെ വാർഡുകൾ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 22 വരെ വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ എന്നിവടങ്ങളിലാണ് അവധി ബാധകമാക്കിയിട്ടുള്ളത്. പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കുമെന്ന് ഉത്തരവിലുണ്ട്.
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്കൂളിനും ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിനും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ 29നും അവധിയായിരിക്കും.
മദ്യനിരോധനം നിലവിൽ വരും
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകുന്നേരം ആറു മണിക്ക് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാറിന്റെയും അർധസർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിയമാനുസൃത കമ്പനികളുടെയും ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരാണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമർപ്പിച്ചാൽ വോട്ടു ചെയ്യുന്നതിന് മേലധികാരികൾ അനുമതി നൽകേണ്ടതാണെന്ന് കലക്ടർ വ്യക്തമാക്കി.
ഉദ്യോഗസ്ഥർ 27ന് രാവിലെ എത്തണം
സെപ്റ്റംബർ 28ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 29ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഔദ്യോഗിക ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന കേന്ദ്രത്തിൽ സെപ്റ്റംബർ 27ന് രാവിലെ പത്തിനു മുൻപ് കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

