
യുക്രൈനിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടികളെ അപലപിക്കാത്ത ഇന്ത്യയെ അഭിനന്ദിച്ചും എന്നാല്‍ ഇന്ത്യയില്‍ വച്ച് നടന്ന ജി 20 കൂട്ടായ്മയെ തള്ളിപ്പറഞ്ഞും റഷ്യന്‍ പ്രസിഡന്റ് പുടിന് രംഗത്ത്. ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 കൂട്ടായ്മയുടെ രാഷ്ട്രീയവത്ക്കരണം അതിന്റെ നാശത്തിലേക്കുള്ള പാതയിലാണെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അഭിപ്രായപ്പെട്ടത്. സോചിയിലെ വാൽഡായി ചർച്ചാ ക്ലബ്ബിന്റെ യോഗത്തിലായിരുന്നു പുടിന്റെ അഭിപ്രായ പ്രകടനം. “ജി 20 സൃഷ്ടിച്ചത്… രാഷ്ട്രീയമല്ല, സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായാണ്,” പുടിന് വിശദീകരിച്ചു. ‘ജി 20 യുടെ രാഷ്ട്രീയവൽക്കരണം അതിന്റെ സ്വയം നാശത്തിലേക്കുള്ള ശരിയായ മാർഗമാണ്.” എന്നായിരുന്നു പുടിന് അഭിപ്രായപ്പെട്ടത്.
ഇന്ത്യൻ സർക്കാർ പൗരന്മാരുടെ താൽപ്പര്യങ്ങൾക്കായി സ്വതന്ത്രമായി പ്രവർത്തിക്കുകയാണെന്നും മോസ്കോയ്ക്കും ന്യൂഡൽഹിക്കും ഇടയിൽ വിള്ളലുണ്ടാക്കാൻ പാശ്ചാത്യരാജ്യങ്ങളുടെ ശ്രമങ്ങൾ അർത്ഥശൂന്യമാണെന്നും പുടിൻ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കുത്തക താത്പര്യങ്ങളോട് യോജിക്കാത്തവരെ ശത്രുക്കളാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നത്. എല്ലാവരും അപകടത്തിലാണ് – ഇന്ത്യ പോലും. എന്നാൽ ഇന്ത്യൻ നേതൃത്വം അവരുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്നും പുടിൻ പറഞ്ഞു. അതേ സമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും പുടിന് മടിച്ചില്ല, ‘മോദി, വളരെ ബുദ്ധിമാനാണ്’ എന്നായിരുന്നു പുടിന് പറഞ്ഞത്.
മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും പുടിന് അഭിപ്രായപ്പെട്ടു. സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായും വ്ളാഡിമിർ പുടിൻ പറഞ്ഞെന്ന് റഷ്യ ആസ്ഥാനമായുള്ള മാധ്യമമായ ആർടി റിപ്പോർട്ട് ചെയ്തു. അവസാന ജി 20 സമ്മേളനം ഇന്ത്യയില്‍ വച്ചായിരുന്നു നടന്നത്. ജി 20 ഉച്ചകോടിയിൽ, ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പുടിന്റെ പരാമര്‍ശങ്ങളെന്നതും ശ്രദ്ധേയം. മുമ്പ് ബാലിയില്‍ ജി 20 സമ്മേളനത്തില്‍ റഷ്യയ്ക്കെതിരെ കൂട്ടായ്മ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ നടന്ന ജി 20 കൂട്ടായ്മയില്‍ റഷ്യ – യുക്രൈന് സംഘര്‍ഷത്തില്‍ സമാധാനം സ്ഥാപിക്കാൻ ആഹ്വാനമുണ്ടായെങ്കിലും രൂക്ഷമായ ഭാഷ ഒഴിവാക്കിയിരുന്നു.
Last Updated Oct 6, 2023, 12:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]