മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടിവന്നു എന്ന നടൻ വിശാലിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. തന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവർക്ക് നന്ദിയറിയിച്ചിരിക്കുകയാണ് വിശാൽ.
മുംബൈ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച സുപ്രധാന വിഷയങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിച്ചതിന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നന്ദി പറയുന്നുവെന്ന് വിശാൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. അഴിമതിക്കാരോ അഴിമതി നടത്താൻ ഉദ്ദേശിക്കുന്നവരോ ആയ സർക്കാർ ഉദ്യോഗസ്ഥർ ഇതൊരു ഉദാഹരണമായെടുക്കണം. സർക്കാർ ഉദ്യോഗസ്ഥർ നേരായ വഴിയിലൂടെ രാജ്യത്തെ സേവിക്കണമെന്നും അഴിമതിയുടെ പടവുകൾ തിരഞ്ഞെടുക്കരുതെന്നും വിശാൽ എഴുതി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവരോടുള്ള നന്ദിയും വിശാൽ പ്രകടിപ്പിക്കുന്നുണ്ട്. അഴിമതിക്ക് ഇരയായ ആളുകൾക്ക് നീതി ലഭിക്കുമെന്നത് തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് സംതൃപ്തി നൽകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ മാസം 28-ാം തീയതിയാണ് സെൻസർ ബോർഡിനെതിരെ വിശാൽ കൈക്കൂലി ആരോപണമുന്നയിച്ചത്. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്നായിരുന്നു വിശാൽ എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗും ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞിരുന്നു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിരുന്നു.
വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിൽ സംഭവിച്ചു. എന്റെ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകേണ്ടിവന്നു. രണ്ട് ഇടപാടുകൾ നടത്തി. സ്ക്രീനിങ്ങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നൽകി. എന്റെ കരിയറിൽ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്.
താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
Content Highlights: Actor Vishal X Post, Actor Vishal Against CBFC, Mark Antony Updates, Vishal Bribery Allegation
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]