

First Published Oct 5, 2023, 9:52 PM IST
ഇന്ന് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. അത്രമാത്രം വ്യാപകമാണ് സ്മാര്‍ട് ഫോണ്‍ ഉപയോഗം. അതിന് അനുസരിച്ച് തന്നെ സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ഇന്ന് വ്യാപകമാണ്. ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കാത്തവരും ഇന്ന് വിരളമായിരിക്കും.
സോഷ്യല്‍ മീഡിയ ഉപയോഗം നമുക്ക് രണ്ട് രീതിയില്‍ ആകാം. ഒന്ന് നമുക്ക് ഗുണകരമാകുന്ന രീതിയില്‍ അറിവുകള്‍ സമ്പാദിക്കാനും അവസരങ്ങള്‍ തേടാനും ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്താനുമെല്ലാം ഉപയോഗിക്കുന്നത്. രണ്ട്- നേരെ തിരിച്ച് അനാവശ്യമായ വിവരങ്ങളും വിഷയങ്ങളും നമ്മുടെ തലച്ചോറിനെ പ്രശ്നത്തിലാക്കുന്ന, നമ്മെ അലസരാക്കുന്ന, അനാരോഗ്യകരമായ ബന്ധങ്ങളിലും അതുവഴി കുരുക്കുകളിലും പെടുന്നതിനുമെല്ലാം ഉപയോഗിക്കുന്നത്.
ബുദ്ധിപരമായ ഉപയോഗമാണ് സോഷ്യല്‍ മീഡിയയുടെ കാര്യത്തിലുണ്ടാകേണ്ടത്. അതേസമയം ഏത് ലക്ഷ്യത്തിലായാലും അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ അവയെ ആശ്രയിക്കുന്നതോ നമുക്ക് നല്ലതല്ല. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.
വിദ്യാര്‍ത്ഥികള്‍ അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അവരുടെ മാനസികാരോഗ്യം തകരാറിലാക്കുന്നു എന്നാണീ പഠനത്തിന്റെ കണ്ടെത്തല്‍. ചൈന, തായ്വാൻ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളെ വച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്.
ഓൺലൈൻ സര്‍വേയിലൂടെയാണ് ഗവേഷകര്‍ ഇക്കാര്യങ്ങളില്‍ വിവരം ശേഖരിച്ചത്. മിക്കവരെയും ഫോണ്‍ അഡിക്ഷൻ ബാധിച്ചിട്ടുള്ളതായി പഠനം സാക്ഷ്യപ്പെടുത്തുന്നു. ഫോണില്ലാതെ ജീവിക്കാൻ പേടി, ഫോണ്‍ നഷ്ടപ്പെടുമോ എന്ന ഭയം, അല്പനേരം ഫോണ്‍ കയ്യിലില്ലെങ്കില്‍ പ്രശ്നമാകുന്ന അവസ്ഥയെല്ലാം ഇവരില്‍ ഗവേഷകര്‍ കണ്ടു.
ഇതിന് പുറമെ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം പേരിലും സോഷ്യല്‍ മീഡിയ ഉപയോഗം മൂലം ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, വിഷാദം, അപകര്‍ഷത എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായിട്ടുള്ളതായും പഠനം വിലയിരുത്തുന്നു. മറ്റുള്ളവരെ നമ്മളുമായി താരതമ്യപ്പെടുത്താനുള്ള മനുഷ്യസഹജമായ പ്രവണതയാണ് ഇവയ്ക്കെല്ലാം കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ശരീരവണ്ണമാണ് ഇതിനുദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വണ്ണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം ഇതിനെച്ചൊല്ലി മാനസികപ്രശ്നങ്ങളുണ്ടാകാൻ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ കാരണമാകുന്നുണ്ടത്രേ.
നാല് മണിക്കൂറിലധികം ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരിലാണ് ഇതുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങള്‍ എറെയും കണ്ടതെന്നും പഠനം വ്യക്തമാക്കുന്നു. ആരോഗ്യകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പരിശീലിക്കുകയെന്നത് മാത്രമാണ് ഇത്തരത്തിലുള്ള വെല്ലുവിളികളൊഴിവാക്കാൻ നമുക്ക് ചെയ്യാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Oct 5, 2023, 9:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]