പയസ്വിനിപ്പുഴയുടെ തീരങ്ങളിൽ വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ച് മാതൃകയാവുകയാണ് കാസർകോട് ജില്ലയിലെ ഇരിയണ്ണി ചൊട്ട പാലക്കാലിലെ വിവേക്.
പുഴയോരത്തും സ്വന്തം പുരയിടത്തിലുമായി അപൂർവ ഇനങ്ങളുൾപ്പെടെ പതിനഞ്ചിലേറെ വ്യത്യസ്തയിനം മുളകളാണ് ഇദ്ദേഹം നട്ടുവളർത്തുന്നത്. കുണ്ടംകുഴിയിൽ ഇലക്ട്രിക്കൽ റിപ്പയറിങ് സ്ഥാപനം നടത്തിവരുന്ന വിവേക്, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മുളകൃഷിയിലേക്ക് ചുവടുമാറ്റിയത് 2023-ലാണ്.
വയനാട്ടിലെ പ്രശസ്തമായ ഉറവ ബാംബൂ ഗ്രോവ് വില്ലേജ് സന്ദർശിച്ചതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മുളങ്കാടുകളാൽ സമൃദ്ധമായ ആ പ്രദേശം സന്ദർശിച്ച് മടങ്ങുമ്പോൾ അവിടത്തെ മുളകളും വിവിധ ഉൽപ്പന്നങ്ങളും കണ്ടറിഞ്ഞ വിവേക്, ഒപ്പം കുറച്ച് തൈകളും വാങ്ങിയിരുന്നു.
പയസ്വിനിപ്പുഴയോട് ചേർന്ന് സ്വന്തമായി അഞ്ചേക്കറോളം കൃഷിസ്ഥലമുള്ള വിവേക്, തോട്ടത്തിന്റെ അതിർത്തിയായ പുഴയോരത്താണ് ഈ തൈകൾ ആദ്യം നട്ടത്. പിന്നീട് എവിടെ യാത്ര ചെയ്യുമ്പോഴും പുതിയ ഇനം മുളത്തൈകൾ ശ്രദ്ധയിൽ പെട്ടാൽ അവ ശേഖരിക്കുന്നത് പതിവാക്കി.
ഇത്തരത്തിൽ മൂന്ന് വർഷം കൊണ്ട് പതിനഞ്ചിലേറെ വിവിധ ഇനങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ പുഴയുടെ കരകളിൽ ചെറുതും വലുതുമായ മുളക്കൂട്ടങ്ങൾ മനോഹരമായി വളർന്നുവരുന്നുണ്ട്.
ഏറ്റവും ഉയരത്തിൽ വളരുന്ന ആനമുള, സ്വർണമുള (ഗോൾഡൻ ബാംബു), വള്ളിമുള, ബുദ്ധമുള, ലാത്തിമുള, റണ്ണിങ് ബാംബൂ തുടങ്ങി ഔദ്യോഗിക പേരുകളുള്ളവയും അല്ലാത്തവയുമായ നിരവധി ഇനങ്ങൾ വിവേകിന്റെ തോട്ടത്തിലുണ്ട്. ഇവയിൽ പലതിന്റെയും പേരുകൾ പോലും ഏറെ കൗതുകമുണർത്തുന്നവയാണ്.
സൗജന്യമായി ലഭിച്ചവയ്ക്കൊപ്പം വിലകൊടുത്തു വാങ്ങിയ തൈകളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ഇനങ്ങൾ എവിടെക്കണ്ടാലും അവ സ്വന്തമാക്കാൻ പണം മുടക്കാനും വിവേക് മടിക്കാറില്ല.
ഇദ്ദേഹത്തിന്റെ ഓരോ യാത്രകളും ഇപ്പോൾ പുതിയ മുളയിനങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ കൂടിയായി മാറി. പുഴയോരത്ത് മുളകൾ മികച്ച രീതിയിൽ വളരുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ശല്യം വലിയൊരു വെല്ലുവിളിയാണെന്ന് വിവേക് സാക്ഷ്യപ്പെടുത്തുന്നു.
മുള്ളൻപന്നികളും കാട്ടുപന്നികളും തൈകൾ തിന്നു നശിപ്പിക്കാൻ എത്തുന്നുണ്ട്. എങ്കിലും, പുഴയോരത്ത് മുളകൾ നട്ടുപിടിപ്പിച്ചത് കരയിടിച്ചിൽ തടയുന്നതിൽ വലിയ തോതിൽ സഹായകരമായിട്ടുണ്ട്.
ജോലിയുടെ ഇടവേളകളിൽ ലഭിക്കുന്ന സമയം മാറ്റിവെച്ചാണ് വിവേക് ഈ ഹരിത സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാവിയിൽ കൂടുതൽ അപൂർവ മുളയിനങ്ങൾ സ്വന്തമാക്കാനാണ് ഈ യുവാവിന്റെ ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

