മലയാള സിനിമാ ലോകത്ത് മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന പുതിയ ചിത്രമാണ് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്’. ഷഹദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘ചേറൊഴിഞ്ഞ് പോയിടാതെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശ്യാം മുരളീധരൻ ആണ്. മുജീബ് മജീദ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭദ്ര റജിൻ ആണ്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം.
ഈ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവതി തിരുവോത്ത് ആണ്. നടിയുടെ സിനിമാ ജീവിതത്തിലെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴുള്ള ആദ്യത്തെ പോലീസ് വേഷം കൂടിയാണിത്.
പാർവതി തിരുവോത്ത്, സിദ്ധാർത്ഥ് ഭരതൻ, മാത്യു തോമസ് എന്നിവർ ചിത്രത്തിൽ പോലീസ് വേഷങ്ങളിലാണ് എത്തുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ അരങ്ങേറുന്ന കൊലപാതകവും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാള സിനിമാ നിർമാണ രംഗത്തേക്ക് കടന്നുവരുന്ന പുതിയൊരു ബാനറിന്റെ ബിഗ് ബഡ്ജറ്റ് സംരംഭം കൂടിയാണ്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പാർത്ഥിപൻ, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റോബി രാജ് ആണ്. എഡിറ്റിംഗ് ചമൻ ചാക്കോയും സംഗീത സംവിധാനം മുജീബ് മജീദും നിർവ്വഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

