ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഏറ്റവും വലിയ സൈക്ലോത്തോൺ ഒക്ടോബർ 4 ന് കോട്ടയത്ത് നടക്കും. വീട്ടിൽ സൈക്കിളുള്ള ഏവർക്കും ഈ സൗഹൃദ മത്സരത്തിൽ അണിനിരക്കാവുന്നതാണ്.
കോട്ടയം സൈക്ലിങ് ക്ലബ്ബും കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി ‘ഹൃദയതാളം’ എന്ന പേരിലാണ് രണ്ടാം പതിപ്പ് കോട്ടയം സൈക്ലോത്തോൺ സംഘടിപ്പിക്കുന്നത്. ആകെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇത്തവണ റൈഡ് ക്രമീകരിച്ചിരിക്കുന്നത്.
പതിനൊന്ന് വയസ്സിനു മുകളിലുള്ള കുട്ടികൾക്കും വനിതകൾ ഉൾപ്പെടെയുള്ള മുതിർന്നവർക്കും പങ്കാളികളാകാൻ കഴിയുന്ന അഞ്ച് കിലോമീറ്റർ ദൂരമുള്ള ഹൃദയതാളം ഫൺ റൈഡാണ് ഇതിലെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും ഈ വിഭാഗത്തിൽ തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
കൂടാതെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് കൂട്ടായ്മകളായും ഗ്രൂപ്പുകളായും രജിസ്ട്രേഷൻ നടത്താം. ഒക്ടോബർ 4 ന് രാവിലെ 7 മണിക്ക് തെള്ളകം കാരിത്താസ് ആശുപത്രി ഗ്രൗണ്ടിൽ നിന്നായിരിക്കും ഫൺ റൈഡ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
ഈ വിഭാഗത്തിൽ എത്തുന്നവർക്ക് ഹൃദയതാളം സൈക്ലിങ് മെഡൽ, പ്രത്യേക ടിഷർട്ട്, പ്രഭാതഭക്ഷണം എന്നിവ സൗജന്യമായി ലഭ്യമാക്കും. കൂടുതൽ കായികക്ഷമത ആവശ്യപ്പെടുന്ന 100 കിലോമീറ്റർ, 40 കിലോമീറ്റർ എന്നീ ദീർഘദൂര റൈഡുകൾ രാവിലെ 5.30 ന് തന്നെ ആരംഭിക്കും.
ഈ പ്രമുഖ റൈഡിൽ ചാണ്ടി ഉമ്മൻ എംഎൽഎ സജീവമായി പങ്കെടുക്കും. ദീർഘദൂര റൈഡുകളിൽ പങ്കെടുക്കുന്നവർക്ക് സൈക്ലിങ് ജേഴ്സി, മെഡൽ, യാത്രാമധ്യേ ആവശ്യമായ ഹൈഡ്രേഷൻ പിന്തുണ, പ്രഭാതഭക്ഷണം എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.
രാവിലെ 5.30 ന് ആരംഭിക്കുന്ന 100 കിലോമീറ്റർ റൈഡ് തെള്ളകത്തു നിന്ന് പുറപ്പെട്ട് കോട്ടയം, പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ വഴി തിരികെ തെള്ളകത്ത് തന്നെ എത്തിച്ചേരും. അതുപോലെ, രാവിലെ 6 മണിക്ക് പുറപ്പെടുന്ന 40 കിലോമീറ്റർ റൈഡ് തെള്ളകത്തു തുടങ്ങി കോട്ടയം, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, ഏറ്റുമാനൂർ വഴി തിരികെ തെള്ളകത്ത് സമാപിക്കുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ റൈഡഴ്സിനും സൗജന്യ സൈക്കിൾ പരിശോധനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ ബിനു കുന്നത്ത്, കോട്ടയം സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഡോ.
ഫിയോന ജോഷി, സെക്രട്ടറി ആൽബിൻ ഇമ്മാനുവേൽ, സൈക്ലോതോൺ കോ ഓർഡിനേറ്റർ ചെറിയാൻ വർഗീസ്, ഷമീർ വി എ, നോബി തോമസ് തുടങ്ങിയ പ്രമുഖർ ഈ വർഷത്തെ സൈക്ലോത്തോണിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടിയുള്ള രജിസ്ട്രേഷനും 9447132132 (ചെറിയാൻ വർഗീസ്) എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

