3383 കോടി രൂപയിലേറെ ആസ്തിയുള്ള എംഎൽഎ ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി മാറി. മുംബൈ ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎ പരാഗ് ഷായാണ് വേഷം മാറി ഭിക്ഷ യാചിച്ച് തെരുവിൽ അലഞ്ഞത്.
ആത്മീയ ഗുരുവിന്റെ ഉപദേശ പ്രകാരമാണ് ഈ വേറിട്ട പരീക്ഷണത്തിന് മുതിർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൈനമത വിശ്വാസ പ്രകാരം ചാതുർമാസ വ്രതത്തോടനുബന്ധിച്ച്, ആത്മീയ ഗുരുവായ നമ്രമുനി മഹാരാജാണ് ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി ജീവിച്ച് കഷ്ടപ്പാടുകളും ജീവിത യാഥാർത്ഥ്യങ്ങളും മനസ്സിലാക്കാൻ നിർദ്ദേശിച്ചത്. ഗുരുവിന്റെ വാക്കുകൾ ശിരസ്സാവഹിച്ച എംഎൽഎ, വേഷം മാറി ഘാട്കോപ്പറിലെ തെരുവുകളിലേക്ക് ഇറങ്ങുകയായിരുന്നു.
ഒരു ദിവസം മുഴുവൻ തെരുവിൽ കഴിഞ്ഞ് അവിടെ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ച് അദ്ദേഹം തിരിച്ചെത്തി. പണവും പ്രശസ്തിയും അധികാരവും മനുഷ്യരിൽ അഹങ്കാരം വളർത്തുമെന്നും ഈ അനുഭവം തന്റെ അഹങ്കാരം ഇല്ലാതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആ ഒരു ദിവസത്തെ വേദനാജനകമായ ചില അനുഭവങ്ങളും പരാഗ് ഷാ പങ്കുവെച്ചു. വേഷംമാറി സ്വന്തം അപ്പാർട്ട്മെന്റ് പരിസരത്ത് എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരൻ തള്ളിപ്പുറത്താക്കി.
എപ്പോഴും സഹായിക്കാറുള്ള സുഹൃത്തിന്റെ അടുത്ത് ഭിക്ഷക്കാരനായി ചെന്നപ്പോൾ തന്നെ ആട്ടിയോടിച്ചെന്നും എംഎൽഎ പറഞ്ഞു. മനുഷ്യർ വ്യക്തികൾക്കല്ല, മറിച്ച് പണത്തിനും പദവിക്കാണ് വില നൽകുന്നതെന്ന കയ്പേറിയ സത്യം ഈ സംഭവം തന്നെ പഠിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിനിടയിലും മനുഷ്യത്വം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ലെന്നതിന് തെളിവായി ചില അനുഭവങ്ങളുമുണ്ടായി. ദയ തോന്നിയ ചില യുവാക്കൾ തനിക്ക് 20 രൂപ നൽകിയതായി അദ്ദേഹം ഓർത്തെടുത്തു.
ഗുരുവിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഈ ഭിക്ഷാടനം പണത്തിനും അധികാരത്തിനുമപ്പുറമുള്ള ജീവിത യാഥാർത്ഥ്യങ്ങളെ നേരിട്ടറിയാൻ സഹായിച്ചതായി എംഎൽഎ വ്യക്തമാക്കി. മനുഷ്യരുടെ ഇരട്ടത്താപ്പും കരുണയും ഒരുപോലെ അനുഭവിക്കാൻ കഴിഞ്ഞതോടെ തനിക്ക് പുതിയൊരു കാഴ്ചപ്പാട് ലഭിച്ചുവെന്ന് പരാഗ് ഷാ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

