മണിപ്പൂരിൽ വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജിരിബാം ജില്ലയിലെ ലെയ്സാങ് കുക്കി ഗ്രാമത്തിൽ രണ്ട് ആദിവാസി സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ചോംഗ സിറ്റ്ൽഹൗ (60), കിംബോയ് സിങ്സൺ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ലെയ്സാങ് ഗ്രാമവാസികളാണ്.
കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം കൃഷിയിടത്തിൽ നിന്ന് വിറക് ശേഖരിക്കുമ്പോഴായിരുന്നു ചോംഗയ്ക്ക് വെടിയേറ്റത്.
നഴ്സിങ് പഠനം പൂർത്തിയാക്കിയയാളാണ് കിംബോയ്. ഇവരെക്കൂടാതെ കൃഷിയിടങ്ങളിൽ ജോലിയ്ക്ക് പോയ പലരേയും കാണാനില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മണിപ്പൂരിൽ വിവിധയിടങ്ങളിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. നിരവധി ഫാം ഹൗസുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇത് ഗ്രാമീണർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. തമെങ്ലോങ് ജില്ലയിലെ ടോലൻ ഗ്രാമത്തിലും നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിലുമുണ്ടായ ആക്രമണങ്ങളിൽ നാല് ആദിവാസികൾ കൊല്ലപ്പെട്ട് വെറും രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
അന്നത്തെ കൊലപാതകങ്ങൾ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്നും അപകടസാധ്യതയുള്ള ജനവാസ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും ശക്തമായ ആവശ്യങ്ങൾ ഉയരുന്നുണ്ട്.

