ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ പ്രതി കല്യാൺ ബൈൻസ്ല പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. മൂത്രമൊഴിക്കാൻ പോകുന്നു എന്ന വ്യാജേന പുറത്തിറങ്ങിയ ശേഷമാണ് പ്രതി ചാടിപ്പോകാൻ നോക്കിയത്.
എന്നാൽ ഓടി രക്ഷപ്പെടുന്നതിനിടെ ഇയാൾ നിലത്തു വീഴുകയായിരുന്നു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ വീണ്ടും പിടികൂടി.
നിലവില്‍ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. രാജസ്ഥാനിലെ ദൗസയിൽ നിന്നാണ് കല്യാണിനെ പൊലീസ് നേരത്തെ പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്ക് റൈഡറും കണ്ടന്റ് ക്രിയേറ്ററുമായ സന എന്ന യുവതിയെ കല്യാണും ലവ്നിഷും കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പിന്നീട് ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്തത്.
ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെ സംഭവം വൻ വിവാദമായിരുന്നു. കല്യാൺ മനഃപൂർവം കാറിടിപ്പിച്ച് അപകടമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നു. 3 സംഘങ്ങളായി തിരിഞ്ഞ് രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

