അമേരിക്കയിലെ വാഷിങ്ടനിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ ഇന്ത്യൻ വംശജയും ആൺസുഹൃത്തും മരണപ്പെട്ടു. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജയായ മലൈക ചിത്ര (24), സുഹൃത്തായ നേപ്പാൾ വംശജൻ നവം കൗൾ (24) എന്നിവരാണ് മരണപ്പെട്ടത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ ഇരുവരും ട്രാക്കിൽ ഇരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യാതൊരുവിധ ആശങ്കകളുമില്ലാതെ സന്തോഷത്തോടെ സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് ഈ വിഡിയോയിലുള്ളത്. ട്രാക്കിൽ രണ്ട് വ്യക്തികൾ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ട്രെയിൻ നിർത്തുന്നതിനായി എമർജൻസി ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും വാഹനം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിടുകയും ഏകദേശം നൂറോളം യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ന്യൂജഴ്സിയിൽ താമസിക്കുന്ന ഇരുവരും എന്തിനാണ് ഈ സമയത്ത് ഇവിടെയെത്തി എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർ മദ്യപിച്ചിരുന്നോ എന്നറിയുന്നതിനുള്ള പരിശോധനകളും നടന്നുവരുന്നുണ്ട്. ഇതിനിടയിൽ ആത്മഹത്യാ സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരുവിധ ആത്മഹത്യാക്കുറിപ്പുകളും കണ്ടെത്താൻ സാധിച്ചിട്ടില്ല.
അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ചിത്ര. ഡേറ്റ അനലിസ്റ്റായ നവം കൗളും ചിത്രയും റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥികളായിരുന്നു.
2024 ലാണ് ഇരുവരും ഇവിടെനിന്നും പഠനം പൂർത്തിയാക്കിയത്.

