ആകാരം കൊണ്ടും സൗമ്യത കൊണ്ടും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കാട്ടുകൊമ്പൻ ബാഹുബലിക്ക് പരുക്കേറ്റു. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പ്രമുഖ കാട്ടാനകളിലൊന്നായ ബാഹുബലിക്ക്, മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചിൽ മറ്റൊരു കാട്ടാനയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് വാലിന്റെ ഭാഗത്തു കുത്തേറ്റ പരുക്കേറ്റത്.
പരുക്കിനെ തുടർന്ന് വേദനയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ടെങ്കിലും, മേട്ടുപ്പാളയം, ശിരുമുഖ റേഞ്ചുകളിലെ വനമേഖലകളിലും രാത്രികാലങ്ങളിൽ ജനവാസ മേഖലകളോട് ചേർന്നുള്ള കൃഷിയിടങ്ങളിലും ആനയുടെ സാന്നിധ്യമുണ്ട്. ആകാരം കണ്ട് നാട്ടുകാർ ബാഹുബലി എന്ന് പേരിട്ട
ഈ കൊമ്പന് ഏകദേശം 45 വയസ്സുണ്ടാകുമെന്ന് വനപാലകർ വ്യക്തമാക്കി. വനംവകുപ്പ് രേഖകളിൽ എംപി20ടി1 എന്നാണ് ആനയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്.
പെത്തിക്കുട്ടൈ വൈൽഡ്ലൈഫ് ട്രാൻസിറ്റ് ആൻഡ് ട്രീറ്റ്മെന്റ് സെന്ററിലെ വെറ്ററിനറി അസിസ്റ്റന്റ് സർജൻ ഡോ. കെ.
വിജയരാഘവൻ ആനയുടെ പരുക്ക് നേരിട്ട് നിരീക്ഷിച്ച ശേഷം വേദനസംഹാരികളും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകളും നിർദേശിക്കുകയായിരുന്നു. മരുന്നുകൾ പൊടിച്ച് റാഗിയിൽ ചേർത്ത് വലിയ ഉരുളകളാക്കി വാഴയിലയിൽ പൊതിഞ്ഞ് ആന സഞ്ചരിക്കുന്ന പതിവ് വഴികളിൽ തീറ്റയായി വെച്ചാണ് നിലവിൽ ചികിത്സ നൽകുന്നത്.
ആനയ്ക്ക് ചികിത്സ നൽകുന്നതിനായി തൽക്കാലം മയക്കുവെടി വെച്ച് പിടികൂടാൻ ഉദ്ദേശ്യമില്ലെന്നും, ആരോഗ്യസ്ഥിതി പൂർവ്വസ്ഥിതിയിലാക്കാൻ വരും ദിവസങ്ങളിലും സമാന രീതിയിലുള്ള പ്രതിരോധ ചികിത്സ തുടരുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആന മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ തന്നെ ആരോഗ്യം മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസം മുൻപ് വേടർ കോളനിയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയാണ് പരുക്കേറ്റ വിവരം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഡോ.
വിജയരാഘവൻ ആനയെ നിരീക്ഷിച്ചാണ് ആവശ്യമായ മരുന്നുകൾ നൽകാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

