ദക്ഷിണ–പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷനു കീഴിൽ അനുവദിച്ച ബെംഗളൂരു–മംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ പുതിയ പരീക്ഷണയോട്ടം മംഗളൂരുവിൽ വിജയകരമായി പൂർത്തിയായി. യശ്വന്ത്പുര ജംക്ഷൻ–മംഗളൂരു ജംക്്ഷൻ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ സർവീസ് നടത്തിയത്.
വ്യാഴാഴ്ച രാവിലെ 6.50-ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.55-ഓടെ മംഗളൂരു ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.
ഉച്ചയ്ക്ക് 2.50-ന് മംഗളൂരുവിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, നിശ്ചിത സമയത്തിന് 55 മിനിറ്റ് മുൻപ് തന്നെ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയായിരുന്നു. യാത്രയ്ക്കിടയിൽ ഹാസൻ, സകലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബക്ക പുത്തൂർ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്.
തുടർന്ന് വൈകിട്ട് 3.10-ന് മംഗളൂരു ജംക്്ഷനിൽ നിന്ന് യശ്വന്ത്പുരയിലേക്കുള്ള മടക്കയാത്രയും ട്രെയിൻ ആരംഭിച്ചു. ചെങ്കുത്തായ ചുരം പാതകളിൽ സുരക്ഷിതമായി സർവീസ് നടത്തുവാൻ സഹായിക്കുന്ന ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സംവിധാനത്തോടുകൂടിയ 16 കോച്ചുകൾ ഉൾപ്പെടുന്ന വന്ദേഭാരത് ട്രെയിനാണ് ഇത്തവണ മംഗളൂരുവിൽ എത്തിയത്.
കഴിഞ്ഞ ശനിയാഴ്ച മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പരീക്ഷണയോട്ടം നടത്തിയിരുന്നെങ്കിലും, യെടകുമേരി–സുബ്രഹ്മണ്യ മേഖലയിൽ വെച്ച് സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നിശ്ചയിച്ച സമയത്തിൽ നിന്നും രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും വൈകിയാണ് അന്ന് ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

