കൊല്ലം ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി കൊല്ലം കോർപറേഷന്റെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം വരുന്നു. ബീച്ചിലെ മഹാത്മാഗാന്ധി പാർക്കിന് സമീപത്താണ് മെഡിക്കൽ കിയോസ്കിനായി രണ്ട് മുറികളുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുള്ളത്.
ബീച്ചിലെത്തുന്നവർക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഈ കിയോസ്ക് വഴി ഉടൻ തന്നെ ആശ്വാസം ലഭിക്കും. ഇവിടെ ഒരു ഡോക്ടറുടെയും നഴ്സിന്റെയും അറ്റൻഡറുടെയും സേവനം സന്ദർശകർക്കായി ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മുൻകാലങ്ങളിൽ ബീച്ചിൽ സന്ദർശകർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആംബുലൻസിലായിരുന്നു അടിയന്തര വൈദ്യസഹായത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇനി മുതൽ ഈ സ്ഥിരം സംവിധാനം ഇതിനായി പ്രയോജനപ്പെടുത്താനാകും.
ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമായിരിക്കും ഈ മെഡിക്കൽ കിയോസ്ക് പ്രവർത്തിക്കുക. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക പ്രവർത്തനം അടുത്ത 10 ദിവസത്തിനകം ആരംഭിക്കുമെന്ന് മേയർ എ.കെ.ഹഫീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

