ഡൽഹിയിൽ ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് നാളെ നടക്കും. ചർച്ചകൾ വഴിമുട്ടിയതോടെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിക്കുകയായിരുന്നു.
ശനിയും ഞായറും അവധി ദിനങ്ങളായതിനാൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിലായി ബാങ്ക്കൾ പൂർണ്ണമായും അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടി വരുന്നതിനാൽ നാല് ദിവസം വരെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.
സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഇതിനുപുറമേ, വരുന്ന ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും നീങ്ങുമെന്ന് യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണമെന്ന ജീവനക്കാരുടെ മുഖ്യ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഈ വിഷയത്തിൽ നിരവധി കക്ഷികൾക്ക് പങ്കാളിത്തമുള്ളതിനാൽ കൂടുതൽ വിപുലമായ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. സമരത്തിൽ നിന്നും ജീവനക്കാരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി, പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കായുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
പ്രവൃത്തിദിനങ്ങൾ അഞ്ചാക്കിക്കൊണ്ട് 2024 മാർച്ച് മാസം തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) അനുയോജ്യമായ തീരുമാനമെടുത്തിരുന്നുവെങ്കിലും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തുടർനടപടികൾ ഉണ്ടായില്ല. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ തുടങ്ങിയ രാജ്യത്തെ പ്രമുഖമായ ഏഴ് യൂണിയനുകളുടെ സംയുക്ത വേദിയായ യുഎഫ്ബിയു ആണ് ഈ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ലേബർ കമ്മിഷണറുമായി യൂണിയൻ പ്രതിനിധികളുടെ അടുത്ത ചർച്ച വരുന്ന ഒക്ടോബർ 15-ാം തീയതി നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

