മുഖ്യമന്ത്രിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കത്തിൽ ശക്തമായ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഇഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമപരമായ രീതിയിൽ ഉയർന്ന കോടതികളെ സമീപിച്ച വിഷയമാണിതെന്നും, യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന കാര്യത്തിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
തങ്ങളുടെ നിരപരാധിത്വം പൂർണ്ണമായും പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കാനാകുമെന്നും ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലും ഭയപ്പെടേണ്ട
സാഹചര്യമില്ല. തിരക്കഥ നന്നായിരിക്കുന്നുവെന്നും ഇതിന്റെ രാഷ്ട്രീയ ഉദ്ദേശം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജീവിക്കുന്ന മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രധാന ശുപാർശ. ഇതുസംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം. മാസപ്പടി കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ ശേഖരിച്ച നിർണ്ണായക തെളിവുകളുടെ വിശദാംശങ്ങളും ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
വ്യവസായ സ്ഥാപനമായ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ മകൾ വീണ വഴി മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്നാണ് ഇഡിയുടെ കത്തിലുള്ളത്. ഈ തുക കൈപ്പറ്റിയ കാര്യം സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം അവകാശപ്പെടുന്നു.
മുൻ മന്ത്രിയായ മുഹമ്മദ് റിയാസ് അഴിമതിയിലൂടെ ലഭിച്ച പണം കൈപ്പറ്റി വീണ വിജയൻ വഴി ദുബായിലേക്ക് കടത്തിയെന്നാണ് ആരോപണം. കൈക്കൂലിത്തുക പ്രധാനമായും കൈപ്പറ്റിയത് വീണയാണെന്നും, അതുകൊണ്ടാണ് പിണറായി വിജയനൊപ്പം റിയാസിനെയും വീണയെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇഡി വ്യക്തമാക്കുന്നു.
ഇതിനുപുറമെ, പണം കൈമാറ്റത്തിന് സഹായിക്കുകയും മുൻപ് കോഴിക്കോട് റെയ്ഡിന് വിധേയനാവുകയും ചെയ്ത റിയാസിന്റെ സുഹൃത്തിനെതിരെയും നിയമനടപടി സ്വീകരിക്കാമെന്നും ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

