ജാർഖണ്ഡ് മന്ത്രിസഭയ്ക്കും ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കും (ജെഎംഎം) കനത്ത തിരിച്ചടിയായി മന്ത്രിയുടെ വിയോഗം. ജെഎംഎം നേതാവും മന്ത്രിയുമായ സുദിവ്യ കുമാർ സോനു (56) ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് മന്ത്രിയുടെ മരണവിവരം പാർട്ടി ഔദ്യോഗികമായി പുറത്തുവിട്ടത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട
ഗിരിദിഹ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു അന്തരിച്ച സുദിവ്യ കുമാർ. മന്ത്രിയെന്ന നിലയിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസം, നഗരവികസനം, ടൂറിസം, കല, സംസ്കാരം, കായികം, യുവജനകാര്യ വകുപ്പുകളുടെ സുപ്രധാന ചുമതലകളാണ് അദ്ദേഹം വഹിച്ചിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് സോനുവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് ജാർഖണ്ഡ് ഗതാഗത, റവന്യു മന്ത്രി ദീപക് ബിറുവ വ്യക്തമാക്കി. സുദിവ്യ കുമാർ സോനുവിന്റെ അകാലത്തിലുള്ള വിയോഗം സർക്കാരിനും സംസ്ഥാനത്തിനും ഒരിക്കലും നികത്താനാവാത്ത വലിയ നഷ്ടമാണെന്ന് ജെഎംഎം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

