തൃശൂർ ജില്ലയിലെ തിരുവില്വാമലയില്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി കാട്ടുപന്നികളുടെ വിളയാട്ടം. കയറമ്പാറ പാടശേഖരത്തിലാണ് കാട്ടുപന്നികള്‍ കൂട്ടമായി എത്തി ലക്ഷക്കണക്കിന് രൂപയുടെ നെല്‍കൃഷി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായതെന്ന് പ്രദേശത്തെ കര്‍ഷകര്‍ വ്യക്തമാക്കി. 30 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിന്റെ പകുതിയിലേറെ ഭാഗത്തെ കൃഷിയാണ് പന്നിക്കൂട്ടം തകര്‍ത്തുകളഞ്ഞത്.
വിളവെടുപ്പിന് പാകമായ നെല്‍ക്കതിരുകളാണ് പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടത്. കടബാധ്യതകള്‍ ഏറെയുള്ള സാഹചര്യത്തിലും വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം.
പാടവരമ്പുകള്‍ വ്യാപകമായി കുത്തിമറിച്ച നിലയിലാണ്. ശേഷിക്കുന്ന നെല്ലെങ്കിലും എത്രയും പെട്ടെന്ന് കൊയ്തെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കര്‍ഷകര്‍ ഇപ്പോള്‍.
കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ പ്രദേശത്തെ പല കര്‍ഷകരും കൃഷിഭൂമി തരിശിട്ടിരിക്കുകയാണ്. മറ്റു നിര്‍വാഹമില്ലാത്തവര്‍ മാത്രമാണ് ഇവിടെ ഇപ്പോഴും കൃഷി തുടരുന്നത്.
വര്‍ഷങ്ങളായി ഈ മേഖലയില്‍ കാട്ടുപന്നികളുടെ ശല്യം പതിവായിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഓഫീസിലും കൃഷിവകുപ്പിലും നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും ആരും തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
പന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഷൂട്ടര്‍മാരെ പാടശേഖരത്തിലേക്ക് അയക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

