ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി സ്ഥിരീകരിച്ച് അമേരിക്ക. റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) എണ്ണക്കപ്പലുകളായ എം/ടി ഡൗണി, എം/ടി സ്റ്റാർക് 1 എന്നിവയ്ക്ക് നേരേയും, ചരക്കില്ലാതിരുന്ന മറ്റൊരു കപ്പലിന് നേരേയുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു.
യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരേ ഇറാന്റെ സായുധസേനയായ ഐആർജിസി നേരത്തേ മിസൈലാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയായാണ് യുഎസ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ടത്.
എങ്കിലും, ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളിൽ യുഎസ് സൈനികർക്കാർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഖാർഗ് ദ്വീപിന് സമീപത്തുവെച്ചാണ് എം/ടി ഡൗണി കപ്പലിന് നേരേ യുഎസിന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായത്.
ജാസ്കിന് സമീപത്തുവെച്ചായിരുന്നു എം/ടി സ്റ്റാർക് 1 കപ്പൽ ആക്രമിക്കപ്പെട്ടത്. എന്നാൽ, യാതൊരുവിധ ചരക്കുകളുമില്ലാതിരുന്ന മൂന്നാമത്തെ കപ്പലിന് നേരേ ഒമാൻ ഉൾക്കടലിൽവെച്ചാണ് ആക്രമണമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടികൾ സ്വീകരിക്കാൻ യുഎസ് സൈന്യം ഒരിക്കലും മടിക്കില്ലെന്നും, ആവശ്യമാണെങ്കിൽ ഇറാന്റെ എണ്ണക്കപ്പൽ വ്യൂഹം മുഴുവൻ തകർത്തുതരിപ്പണമാക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ മുന്നറിയിപ്പ് നൽകി.
ഐആർജിസിയ്ക്കുള്ള സന്ദേശം തികഞ്ഞ വ്യക്തതയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, “ഞങ്ങളുടെ രണ്ട് കപ്പലുകൾക്ക് നേരേ വെടിയുതിർത്താൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർത്ത് അതിനെക്കാൾ വലിയ സാമ്പത്തിക പ്രത്യാഘാതം നിങ്ങൾക്കുണ്ടാക്കും” എന്നും വ്യക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

