ഓൺലൈൻ ടാക്സി സേവന രംഗത്തെ പ്രമുഖ കമ്പനിയായ ഊബർ ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ വെട്ടിക്കുറവ് വരുത്തിയത് വലിയ ചർച്ചയാകുന്നു. ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെയാണ് ഒഴിവാക്കിയത്.
ഇതിനു പിന്നിൽ കൃത്രിമ ബുദ്ധിയുടെ (എഐ) സ്വാധീനമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 70 ലേറെ രാജ്യങ്ങളിലായി ആകെ ഏകദേശം 34,000 ജീവനക്കാരുള്ള ഊബർ ഏകദേശം 3300 പേരെ ഒഴിവാക്കിയെന്നാണു റിപ്പോർട്ട്.
ഇന്ത്യയിൽ 200 – 250 പേരാണു പിരിച്ചുവിടലിന് ഇരകളായതെന്നാണു വിവരം. എന്നാൽ ഈ കണക്കുകൾ സംബന്ധിച്ച് കൃത്യമായ വ്യക്തത ലഭ്യമല്ല.
എഐയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ജീവനക്കാരെ ഒഴിവാക്കുന്നതെന്നു ഊബർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, മധ്യതലത്തിൽ ജോലി ചെയ്യുന്ന മാനേജർമാരുടെ എണ്ണത്തിൽ 20% കുറവു വരുത്താനുള്ള നീക്കത്തിനു പിന്നിൽ എഐ വിന്യാസം ഉണ്ടാകാൻ സാധ്യതയേറെയാണ്. ജീവനക്കാരുടെ മേൽനോട്ടത്തിനും ഏകോപനത്തിലും പ്രവർത്തന നിലവാര പരിശോധനയ്ക്കുമെല്ലാം എഐ ഉപയോഗിക്കുന്നതോടെ മധ്യതലത്തിലെ മാനേജർമാരുടെ എണ്ണം സ്വാഭാവികമായും കുറയും.
അതേസമയം, ജീവനക്കാരുടെ പല തട്ടുകൾ ഒഴിവാക്കി പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പവും ലളിതവും വേഗത്തിലാക്കുകയാണു ലക്ഷ്യമെന്നും ജീവനക്കാരുടെ എണ്ണവും സങ്കീർണതയും കുറയുന്നതു തീരുമാനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നും സിഇഒ ദാര കൊസ്റോഷാഹി പറയുന്നു. ഊബർ സ്വയം നിയന്ത്രിക്കാൻ കഴിയുന്ന വാഹനങ്ങളിൽ (ഓട്ടണമസ്) വലിയ നിക്ഷേപത്തിനും ഒരുങ്ങുകയാണ്.
ഇതിനിടെ, പ്രമുഖ വാഹന നിർമാതാക്കളായ ഫോക്സ് വാഗൻ കമ്പനി നടപ്പാക്കുന്ന പുനഃസംഘടനയുടെ ഭാഗമായി 50,000 പേരെ കൂടി പിരിച്ചുവിടും. ജർമ്മനിയിലെ ബെർലിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ 89 വർഷത്തെ ചരിത്രത്തിനിടെ നടപ്പാക്കുന്ന ഏറ്റവും കനത്ത പുനഃക്രമീകരണ നടപടിയാണിത്.
ചൈനയിൽ നിന്ന് നേരിടുന്ന കനത്ത വെല്ലുവിളി, ഉയർന്ന വേതനം സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് ഈ നിർണ്ണായക നടപടി സ്വീകരിച്ചിരിക്കുന്നത്. 50,000 പേരെ പിരിച്ചു വിടുന്ന നടപടി തുടരുന്നതിനിടെയാണ് കമ്പനിയുടെ പുതിയ നീക്കം പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

