ഉത്തർപ്രദേശിലെ സഹാറാൻപുരിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന മുസ്ലീം പള്ളി അധികൃതർ പൊളിച്ചുനീക്കി. അനധികൃത നിർമാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മജിസ്ട്രേറ്റിന്റെ ഉത്തരവിൻപ്രകാരം ശനിയാഴ്ച പുലർച്ചെയോടെ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിച്ചത്.
സർക്കാർ ഭൂമി കൈയേറി അനധികൃതമായാണ് പള്ളിയുടെ കെട്ടിടം നിർമിച്ചതെന്നും, ഇതിലെ മറ്റു മുറികൾ പള്ളിക്കമ്മിറ്റി വാടകയ്ക്ക് നൽകിയിരുന്നതായും കാണിച്ച് ബജ്റങ്ദൾ മുൻ കോർഡിനേറ്റർ വികാസ് ത്യാഗിയാണ് പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ മജിസ്ട്രേറ്റ് കുൽദീപ് സിങ് വാദം കേൾക്കുകയുണ്ടായി.
തുടർന്ന്, സർക്കാർ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാൽ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനുപുറമേ, സർക്കാർ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
അതേസമയം, പള്ളി പൊളിക്കുന്ന നടപടികൾക്കിടയിൽ കൈരാനയിലെ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ ഇഖ്റ ഹസ്സനെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായി പരാതി ഉയർന്നു. പള്ളി പൊളിക്കാനുള്ള നീക്കമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് വൻ പൊലീസ് സംഘം തടഞ്ഞതെന്ന് എംപി ആരോപിച്ചു.
“വിഷയത്തിൽ അധികൃതരെ കണ്ട് സംസാരിക്കാനും ജനങ്ങളുടെ ആശങ്കകൾ അവരെ അറിയിക്കാനുമാണ് താൻ അവിടേക്ക് പോകാൻ ഒരുങ്ങിയത്. എന്നാൽ, വൻ പൊലീസ് സംഘത്തെയാണ് തന്റെ വീട്ടിൽ വിന്യസിച്ചത്.
പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കി. എന്നാൽ, തന്നെ തടഞ്ഞതുകൊണ്ട് മാത്രം ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ല,” എന്ന് ഇഖ്റ ഹസ്സൻ പ്രതികരിച്ചു.
സംഭവത്തിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശ് സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഇഖ്റ ഹസ്സനെ വീട്ടുതടങ്കലിലാക്കിയ പൊലീസ് നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു.
മതസൗഹാർദം നിലനിർത്തുകയെന്നതാണ് സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

