കാസർകോട് ജില്ലയിലെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പായ, റെയിൽവേയുടെ ഏറ്റവും വലിയ നിർമിതിയായ കാര്യങ്കോട് പാലം ചരിത്രത്തിലേക്ക് മറയുന്നു. തമിഴ്നാട്ടിലെ തിരുച്ചിരാപ്പള്ളിയിലുള്ള കമ്പി നിർമാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഈ ചരിത്രസ്മാരകം പൊളിച്ചുതുടങ്ങിയിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഈ പാലം ജില്ലയിൽ അവശേഷിച്ചിരുന്ന അത്തരത്തിലുള്ള ഏക പാലമായിരുന്നു. അഞ്ച് വർഷം മുൻപ് കുമ്പളയിൽ ബ്രിട്ടീഷുകാർ നിർമിച്ചിരുന്ന സമാനമായ മറ്റൊരു പാലം പൊളിച്ചുമാറ്റിയിരുന്നു.
നിലവിലെ കരാർ പ്രകാരം ഈ മാസം 25-നകം പാലം പൂർണ്ണമായി പൊളിച്ചുമാറ്റാനാണ് കമ്പനിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ 10 ദിവസത്തിനകം പാലം പൊളിച്ചുനീക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഈ തീയതി നീട്ടി നൽകുകയായിരുന്നു.
പാലത്തിന്റെ പാളങ്ങളാണ് ഇപ്പോൾ ഘട്ടംഘട്ടമായി പൊളിച്ച് കൊണ്ടുപോകുന്നത്. എന്നാൽ പാലത്തിന്റെ തൂണുകൾ പുഴയിൽ തന്നെ നിലനിർത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
ആകെ 18 തൂണുകളുള്ള കാര്യങ്കോട് പാലത്തിന്റെ തിരോധാനത്തോടെ, പ്രദേശവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ഓർമ്മകളാണ് ഇല്ലാതാകുന്നത്.
തീവണ്ടി വരുമ്പോൾ പാലത്തിന്റെ തൂണുകൾക്ക് മുകളിൽ സജ്ജീകരിച്ചിട്ടുള്ള സുരക്ഷാ കൂടുകളിൽ കയറി നിൽക്കുന്നതും, സായാഹ്നങ്ങളിൽ തൂണുകൾക്ക് താഴെയിരുന്ന് തേജസ്വിനി പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതുമൊക്കെ പ്രദേശവാസികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്. മരണമുഖത്തുനിന്നും പലർക്കും പുതുജീവൻ നൽകിയ ചരിത്രവും ഈ പാലത്തിനുണ്ട്.
ആത്മഹത്യ ചെയ്യാനായി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയവരിൽ ഭൂരിഭാഗം പേരുടെയും ജീവൻ രക്ഷപ്പെട്ടിരുന്നു. ആ സമയങ്ങളിൽ ഏതുനേരത്തും പാലത്തിന്റെ തൂണുകൾക്ക് താഴെ ചെറിയ തോണികളിൽ മീൻപിടിക്കാൻ കഴിയുമായിരുന്ന നാട്ടുകാരുടെ കൈകളിലേക്കാണ് ഇവർ വീണിരുന്നത്.
ഇത്തരത്തിൽ മരണത്തിൽ നിന്നും രക്ഷപ്പെട്ട നിരവധി മനുഷ്യരുടെ ജീവന്റെ കഥകൾ കൂടി പറയാനുണ്ട് കാര്യങ്കോട് പാലത്തിന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

