സംസ്ഥാനത്ത് ടെലികോം രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് റിലയൻസ് ജിയോ. രാജ്യത്ത് സേവനം ആരംഭിച്ചതിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, കേരളത്തിൽ മാത്രം കമ്പനിക്ക് 1.119 കോടി വയർലെസ് വരിക്കാരാണുള്ളത്.
2016 സെപ്റ്റംബറിൽ 5.8 ലക്ഷം വരിക്കാരുമായി പ്രവർത്തനം തുടങ്ങിയ സ്ഥാനത്താണ് ഈ വലിയ വളർച്ച. ട്രായിയുടെ കഴിഞ്ഞ ജൂണിലെ കണക്കുകൾ പ്രകാരം, കേരളത്തിലെ ആകെ 4.27 കോടി വയർലെസ് വരിക്കാരിൽ 26.2 ശതമാനവും ജിയോയുടെ കീഴിലാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ശരാശരി 35.5 ശതമാനം വാർഷിക വളർച്ചയാണ് ജിയോ കൈവരിച്ചിട്ടുള്ളത്. നിലവിൽ 1.27 കോടി വരിക്കാരുള്ള വൊഡാഫോൺ-ഐഡിയയാണ് (വിഐ) കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
എയർടെലിന് 97.9 ലക്ഷവും ബിഎസ്എൻഎലിന് 89.8 ലക്ഷവും വരിക്കാരുണ്ട്. ചെറുകിട
ഓപ്പറേറ്റർമാർ വിപണി വിട്ടുപോയതോടെ കേരളത്തിലെ ടെലികോം രംഗം പ്രധാനമായും ഈ നാല് കമ്പനികൾ തമ്മിലുള്ള മത്സരമായി ചുരുങ്ങിയിരിക്കുകയാണ്. ജിയോയുടെ കടന്നുവരവ് ഡേറ്റാ നിരക്കുകളിൽ വലിയ കുറവാണ് ഉണ്ടാക്കിയത്.
കമ്പനി സേവനം ആരംഭിച്ച കാലത്ത് 1 ജിബി ഡേറ്റയ്ക്ക് ഉപയോക്താക്കൾ 228 രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത്, ഇന്നത് 8 രൂപയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമായത് സംസ്ഥാനത്തെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായി.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 99 ശതമാനത്തിലേക്കും ജിയോയുടെ വയർലെസ് സേവനങ്ങൾ എത്തിച്ചേർന്നതായി കമ്പനി വ്യക്തമാക്കുന്നു. കേവലം കണക്ടിവിറ്റി സേവനങ്ങളിൽ നിന്ന് ഡിജിറ്റൽ സേവനങ്ങളുടെ വിശാലമായ ലോകത്തേക്കാണ് ജിയോ ഇപ്പോൾ ചുവടുവെച്ചിരിക്കുന്നത്.
സാങ്കേതികവിദ്യ, വിനോദം, ക്ലൗഡ് സ്റ്റോറേജ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കംപ്യൂട്ടിങ്, എന്റർപ്രൈസ് സൊല്യൂഷൻസ് തുടങ്ങിയ വിവിധ മേഖലകളിലേക്ക് ജിയോ പ്ലാറ്റ്ഫോംസ് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി 37,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ജിയോയുടെ പ്രാരംഘ ഓഹരി വിൽപ്പന (ഐപിഒ) ഉടൻ തന്നെ ഉണ്ടാകും.
രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. പ്രധാന കണക്കുകൾ ഒറ്റനോട്ടത്തിൽ:
* ദേശീയതലത്തിൽ ജിയോ ഉപയോക്താക്കൾ: 52 കോടി
* ജിയോ ഫൈബർ കണക്ഷൻ ലഭ്യമാക്കിയ വീടുകൾ: 2.7 കോടി
* സേവനം തുടങ്ങിയ കാലത്ത് 1 ജിബി ഡേറ്റയ്ക്ക് വേണ്ടി വന്ന തുക: 228 രൂപ
* നിലവിൽ 1 ജിബി ഡേറ്റയ്ക്ക് നൽകേണ്ട
തുക: 8 രൂപയിൽ താഴെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

