സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്. പദ്ധതി നടപ്പിലാക്കരുതെന്നാണ് സംഘടനയുടെ വ്യക്തമായ നിലപാടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നടന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടകരമായ എന്തെങ്കിലും നടപടികൾ ഉണ്ടായാൽ അത് തുറന്നുപറയാന്‍ യൂത്ത് ലീഗ് ഉണ്ടാകുമെന്നും, സർക്കാർ ജനങ്ങളുടെ പക്ഷത്ത് നിന്നില്ലെങ്കിൽ ജനം ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ സർക്കാരാണ് പി എം ശ്രീയിൽ ഒപ്പുവെച്ചതെന്നും, അന്ന് അതിനെ ഏറ്റവും കൂടുതൽ എതിർത്തത് യൂത്ത് ലീഗ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള പദ്ധതികൾ വരരുതെന്നാണ് ആഗ്രഹിക്കുന്നത്.
നിലവിൽ സർക്കാർ ഇതിനായി ഉപസമിതി രൂപീകരിച്ച് അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ ജനവികാരത്തിന് എതിരായി സർക്കാർ ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ എടുത്താൽ യൂത്ത് ലീഗ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ലീഗിന്റെ നിലപാടിന് പിന്നാലെ കോൺഗ്രസിലും വിഷയത്തിൽ ഭിന്നത പ്രകടമായിട്ടുണ്ട്. ലീഗിലെ ചർച്ചകൾക്ക് പിന്നാലെ ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുകൾ ഉയർന്നു വന്നു.
യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കമുള്ളവർ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചു. പദ്ധതിയിൽ നിന്നും പിന്മാറുന്നത് പ്രയാസകരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി വിശദീകരിച്ചതെങ്കിലും, ഒറ്റയടിക്ക് അത്തരം ഒരു തീരുമാനത്തിലേക്ക് മുന്നോട്ടുപോകാൻ സർക്കാരിന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
ഇതുവരെ മന്ത്രിസഭാ ഉപസമിതി രണ്ട് തവണ യോഗം ചേർന്നിട്ടുണ്ട്. മൂന്നാം യോഗത്തോടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ധാരണയെങ്കിലും വിഷയത്തിൽ രാഷ്ട്രീയ സമവായം ഉണ്ടാകാത്തതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

