തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ജനപ്രതിനിധികളും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ പരസ്യമായ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് എംഎൽഎയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ ആക്രമിച്ചുവെന്നാണ് എംഎൽഎയുടെ പ്രധാന ആരോപണം. എന്നാൽ തിരിച്ചും എംഎൽഎ തങ്ങളെ ആക്രമിച്ചതായി ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപണം ഉന്നയിച്ചു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളിൽ ‘എൻ്റെ കൈ വിടടാ’ എന്ന് എംഎൽഎ പറയുന്നതും ‘നീയാരാടാ’ എന്ന് തിരിച്ചു ചോദിക്കുന്നതും വ്യക്തമായി കാണാൻ സാധിക്കും.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെൻ്റ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റൻ്റ് പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
ഈ നടപടിയെ ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തുവന്നു. ഇതിനെത്തുടർന്ന് എംഎൽഎയും പിഎയും ഉൾപ്പെടെയുള്ളവർ പ്രസ്തുത പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി നേരിട്ട് വിശദീകരണം തേടുകയും ചോദ്യംചെയ്യുകയും ചെയ്തു.
ഇതിനിടെയാണ് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയുമായി മാറിയത്. എംഎൽഎയും സംഘവും ചേർന്ന് തങ്ങളെ ആക്രമിച്ചുവെന്നും കൈയ്ക്ക് പരിക്കേറ്റുവെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു.
എന്നാൽ ഇതിന് വിപരീതമായി ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചേർന്ന് തങ്ങളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് എംഎൽഎയുടെ പക്ഷം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എംഎൽഎയുടെ ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

