ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെ തുടർന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും രംഗത്ത്. വിമാനത്താവളത്തിൽ തന്നെ സർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്നാണ് കോൺഗ്രസിന്റെ പരിഹാസം.
ഇതാണ് 7.8 ശതമാനം വളർച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് അഭിജിത് ദീപ്കെയും വിമർശിച്ചു. വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിൽ രണ്ടിടത്തും വെള്ളം കയറിയത് യാത്രക്കാരെ വലിയ തോതിലാണ് വലച്ചത്.
വെള്ളക്കെട്ടിനെ തുടർന്ന് ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു രാജ്യാന്തര വിമാനമടക്കം 11 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇതിൽ അഞ്ച് വിമാനങ്ങൾ ജയ്പുർ വിമാനത്താവളത്തിലേക്കും നാല് വിമാനങ്ങൾ ലക്നൗവിലേക്കും ഓരോ വിമാനങ്ങൾ വീതം അഹമ്മദാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുമാണ് മാറ്റിയത്.
കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. വെള്ളം കയറിയ ടെർമിനലിലൂടെ ലഗേജുകളുമായി യാത്രക്കാർ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആദ്യമായാണ് ഇത്രയും വെള്ളക്കെട്ട് കാണുന്നതെന്നും അറൈവൽ ഗേറ്റുകളിലേക്ക് പോകാൻ വേണ്ടി വെള്ളപ്പൊക്കം കുറയുന്നതും കാത്ത് നിൽക്കുകയാണെന്നും യാത്രക്കാരി വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. വെള്ളക്കെട്ടിനെ തുടർന്ന് ദില്ലിയിലേക്ക് വരേണ്ടതും പുറപ്പെടേണ്ടതുമായ നൂറുകണക്കിന് വിമാന സർവീസുകൾ 90 മിനിറ്റോളം വരെ വൈകിയാണ് സർവീസ് നടത്തുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ദില്ലിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ തോതിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ 50-100 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ മൂലം താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചുകൊണ്ട് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

