മധ്യപ്രദേശിലെ ഉജ്ജയിനിൽ കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്തു ഭക്ഷിച്ച സംഭവത്തിൽ സ്വയം പ്രഖ്യാപിത ലേഡി അഘോരി അറസ്റ്റിൽ. കാളി നന്ദ് ഗിരി എന്നറിയപ്പെടുന്ന വ്യക്തിയാണ് ഉജ്ജയിൻ പൊലീസിന്റെ പിടിയിലായത്.
കത്തുന്ന ചിതയിൽനിന്ന് വാൾ കൊണ്ട് മൃതദേഹത്തിന്റെ ഭാഗങ്ങൾ കുത്തിയെടുത്ത് കാളി നന്ദ് ഗിരി ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലേഡി അഘോരി തന്നെയാണ് ഈ വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും.
ശ്മശാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഷ്ണു മഹാരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്മശാനത്തിലേക്ക് അതിക്രമിച്ചു കയറി, സംസ്കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തി, മൃതദേഹത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം, കാളി നന്ദ് ഗിരി പുരുഷനായാണ് ജനിച്ചതെന്നും അല്ലൂരി ശ്രീനിവാസ് എന്നായിരുന്നു യഥാർഥ പേരെന്നുമാണ് പുറത്തുവരുന്ന വിവരം.
പിന്നീട് ഇവർ ട്രാൻസ്ജെൻഡർ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇവർ, മതപരമായ സ്ഥലങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും റീൽസ് ചെയ്യാറുണ്ട്.
താന്ത്രിക ചടങ്ങുകളുടെ പേരിൽ തെലങ്കാനയിലെ സ്ത്രീയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും ഇവർക്കെതിരെ ഉണ്ടെന്ന് ഉജ്ജയിൻ എസ്പി പ്രദീപ് ശർമ വ്യക്തമാക്കി. ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കാളി നന്ദ് ഗിരിയുടെ പ്രവൃത്തിയെ ജൂന അഖാരയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: വാർത്തയോടൊപ്പമുള്ള ചിത്രം @Digambarladyaghorinagasadhvi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

