
ഓഫീസ് പാർട്ടിയിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കവേ ബെറ്റ് വച്ച് മദ്യം കുടിച്ച ചൈനീസ് യുവാവിന് ദാരുണാന്ത്യം. സുഹൃത്തുക്കളോട് ബെറ്റ് വെച്ച് മത്സരത്തിൽ വിജയിക്കുന്നതിനായി 10 മിനിറ്റ് കൊണ്ട് 1 ലിറ്റർ മദ്യം കഴിച്ചതോടെയാണ് ഇയാള്‍ക്ക് മരണം സംഭവിച്ചത്. 20,000 യുവാൻ (2.31 ലക്ഷം രൂപ) സമ്മാനം നേടാനുള്ള വർക്ക് ഡ്രിങ്ക് മത്സരത്തിനിടെയാണ് ഇത്തരത്തിലൊരു ദുരന്തം സംഭവിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തെക്ക് കിഴക്കൻ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷാങ്ങ് എന്നയാളാണ് മരണപ്പെട്ടത്.
മദ്യം കുടിച്ച് കമ്പനി ബോസിനെ തോൽപ്പിക്കുന്ന ആൾക്ക് സമ്മാനമായി 2.31 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. ഇത് ലഭിക്കാനായി നടത്തിയ ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. ഷാങ് വിജയിച്ചാൽ 20,000 യുവാൻ സമ്മാനമായി നൽകുമെന്ന് ബോസ് പറഞ്ഞു. എന്നാല്‍ മത്സരത്തില്‍ തോല്ക്കുകയാണെങ്കില് മുഴുവൻ കമ്പനി ജീവനക്കാർക്കും ചെലവ് ചെയ്യുന്നതിന് 10,000 യുവാൻ നൽകേണ്ടിവരും, ഇതായിരുന്നു മത്സരത്തിലെ കരാർ.
തുടർന്ന്, വീര്യം കൂടിയ ചൈനീസ് ബൈജിയു സ്പിരിറ്റ് ഏകദേശം 10 മിനിറ്റിനുള്ളിൽ 1 ലിറ്ററോളം ഷാങ് കുടിച്ചതായി ഗെയിമിൽ പങ്കെടുത്തവരിൽ ഒരാൾ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയും ഷെൻഷെൻ ജുൻലോംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്തു, അവിടെ നടത്തിയ പരിശോധനയിൽ അമിത മദ്യം ഉള്ളിൽ ചെന്നതായും, ആസ്പിരേഷൻ ന്യുമോണിയ, ശ്വാസംമുട്ടൽ, ഹൃദയസ്തംഭനം എന്നിവ കണ്ടെത്തുകയും ചെയ്തു, തുടർന്ന് ജീവൻ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated Oct 4, 2023, 5:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]