ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെയുള്ള അന്വേഷണം നിർണായക ഘട്ടത്തിലേക്ക്.
കൊലപാതകത്തിന് ശേഷം പിടിയിലായ ആൺകുട്ടികൾ വയോധികന്റെ വീട്ടിൽ നിന്ന് പെർഫ്യൂം ബോട്ടിലും മേക്കപ്പ് കിറ്റും കൂടി മോഷ്ടിച്ചിരുന്നതായി പൊലീസിന് മൊഴി നൽകി. ഈ സാധനങ്ങൾ വീണ്ടെടുക്കാനായാൽ കേസിൽ അത് ശക്തമായ തെളിവായിമാറും.
കഴിഞ്ഞമാസം 15-ാം തീയതിയാണ് വയോധികൻ കൊല്ലപ്പെടുന്നത്. സംഭവത്തിൽ 13 വയസ്സുകാരിയായ കൊച്ചുമകൾ തന്റെ സുഹൃത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്.
വീട്ടിലെ അലമാരയിൽ നിന്ന് 4.5 പവൻ സ്വർണവും 4800 രൂപയുമാണ് ലഭിച്ചതെന്നാണ് കുട്ടികൾ പൊലീസിന് നൽകിയിട്ടുള്ള മൊഴി. തങ്ങൾ പ്രതീക്ഷിച്ചത്ര പണം അവിടെയുണ്ടായിരുന്നില്ലെന്നും, ആ നിരാശയിലാണ് പെർഫ്യൂം ബോട്ടിലും മറ്റ് വസ്തുക്കളും കൈക്കലാക്കിയതെന്നും ഇവർ വ്യക്തമാക്കുന്നു.
വയോധികന്റെ കൊച്ചുമഡുളെയുടെ കൂട്ടുകാരനാണ് കവർച്ച ചെയ്യപ്പെട്ട തുക പങ്കിട്ടുനൽകിയത്.
ഒപ്പമുണ്ടായിരുന്ന മറ്റ് 2 പേർക്ക് 800 രൂപ വീതം നൽകിയ ശേഷം ബാക്കി തുക ഈ സുഹൃത്ത് കൈവശപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വയോധികന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുള്ള മകൾ 65,000 രൂപ അയച്ചുനൽകിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ തുക അടുത്ത ദിവസം തന്നെ അദ്ദേഹം ബാങ്കിൽ നിന്ന് പിൻവലിച്ച് വീട്ടിലെത്തിച്ചിരുന്നു. ആ സമയത്ത് പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.
അന്നേദിവസം വൈകിട്ട് തന്നെ ഈ പണം കരാറുകാരന് കൈമാറുകയും ചെയ്തു. ഈ പണം കൂടി മുൻകൂട്ടി ലക്ഷ്യമിട്ടാണോ പ്രതികൾ കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്തതെന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
കുറ്റാരോപിതരായ ആൺകുട്ടികളെ നേരിട്ട് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും നഷ്ടപ്പെട്ട തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനുമായി ഇവരെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല.
പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് നാളെ വീണ്ടും ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

