തിരുവനന്തപുരം വലിയതുറ വിമാനത്താവളത്തിന് സമീപം ലഹരി കേസ് അന്വേഷണ സംഘത്തിന് നേരെ കാർ ഇടിച്ചുകയറ്റി വധശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ടോമി ഫെർണാണ്ടസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ലഹരിവിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് മദ്യലഹരിയിലായിരുന്ന പ്രതി കാറോടിച്ചെത്തി ഇടിച്ചിട്ടത്.
പൂജപ്പുരയിൽ ഡാൻസാഫ് സംഘം ജഗൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ എംഡിഎംഎ ഇടപാട് സംബന്ധിച്ച് ജഗനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനായി പോവുകയായിരുന്നു വിനീതും റോജിനും.
ഇവർ സഞ്ചരിച്ച ബൈക്കിനെ ടോമി ഓടിച്ച കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആദ്യം ഇതൊരു വാഹനാപകടമാണെന്നാണ് കരുതിയതെങ്കിലും, തങ്ങളെ മനഃപൂർവം ഇടിച്ചതാണെന്ന് പോലീസുകാർ മൊഴി നൽകിയതോടെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടത് പോലീസുകാരാണെന്നു മനസ്സിലാക്കിയ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലായി. മദ്യപിച്ചു വാഹനമോടിച്ചതിന് ടോമിക്കെതിരെ മുൻപും കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിൽ റോജിന്റെ വലതു കാൽമുട്ടിനും തോളെല്ലിനും ഒടിവുണ്ട്. വിനീതിനും പരുക്കേറ്റിട്ടുണ്ട്.
ഇരുവരെയും ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട
സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

