ദുബായിലും വടക്കൻ എമിറേറ്റുകളിലും പ്രവാസികളായ തൊഴിലാളികളെ ഇരകളാക്കി വൻ തോതിൽ തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ട്. പാസ്പോർട്ട്, തൊഴിൽ രേഖകൾ എന്നിവയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പടെ കൈക്കലാക്കി നടത്തുന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കർശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
തട്ടിയെടുത്ത വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വൻതുക വായ്പകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതുമൂലം നിരപരാധികളായ സാധാരണക്കാർ ജയിലിൽ ആകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
നാട്ടിലേക്ക് മടങ്ങാനുള്ള അടിയന്തര പാസ്പോർട്ട് നടപടികൾ, ഔദ്യോഗിക രേഖകൾ ശരിയാക്കൽ, വിസ സേവനങ്ങൾ, പുതിയ തൊഴിൽ വാഗ്ദാനങ്ങൾ എന്നിവയുടെ പേരിലാണ് പ്രവാസികളെ ഈ സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരം ചതിക്കുഴികളിൽ അറിയാതെ അകപ്പെടുന്ന പാവപ്പെട്ട
തൊഴിലാളികളുടെ രേഖകളാണ് ഏജൻറുമാരുടെ വേഷത്തിൽ എത്തുന്നവർ കൈക്കലാക്കുന്നത്. ബാങ്ക് വിവരങ്ങൾ, മുഖത്തിന്റെ വിവരങ്ങൾ, വിരലടയാളങ്ങൾ എന്നിവ കരസ്ഥമാക്കിയ ശേഷം ഇരകളുടെ പേരിൽ വായ്പകളോ ക്രെഡിറ്റ് കാർഡുകളോ പുതിയ ബാങ്ക് അക്കൗണ്ടുകളോ ഇവർ നിർമ്മിക്കുന്നു.
തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം യാത്രാവിലക്ക് ഏർപ്പെടുത്തപ്പെടുമ്പോഴോ അല്ലെങ്കിൽ പൊലീസ് നടപടിയിലൂടെ ജയിലിലാകുമ്പോഴോ മാത്രമാണ് പല സാധാരണക്കാരും അറിയുന്നത്.
ഈ ഗുരുതര സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യൻ കോൺസുലേറ്റ് അടിയന്തരമായി രംഗത്തെത്തിയിരിക്കുന്നത്. യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പാസ്പോർട്ടോ ബാങ്ക് രേഖകളോ വ്യക്തിവിവരങ്ങളോ കൈമാറരുതെന്ന് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകുന്നു.
അംഗീകൃതമായ യുഎഇ സർക്കാർ ഏജൻസികൾക്ക് മാത്രമെ ബയോമെട്രിക് വിവരങ്ങൾ നൽകാവൂ എന്നും, കോൺസുലേറ്റിനോ എംബസിക്കോ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടാൻ അധികാരമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

