ദില്ലി: സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന സി ജെ പി മാർച്ച് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി സി ജെ പി മാർച്ചിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെ, പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട
അധികൃതരുടെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി. അനിഷ്ട
സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്.
സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്കാണ് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ സി ജെ പി പ്രവർത്തക സമിതി യോഗം ആഹ്വാനം ചെയ്തിരിക്കന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയിൽ കലാശിച്ച ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സി ജെ പി പുതിയ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 25 ന് ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ രണ്ട് മന്ത്രിമാർ പരസ്യമായി നൽകി വാഗ്ദാനങ്ങൾ ലംഘിച്ചെന്ന പരാതിയുമായാണ് പ്രതിഷേധക്കാർ വീണ്ടും തെരുവിലേക്കിറങ്ങാൻ പോകുന്നത്. സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
നീറ്റ് പരീക്ഷ റദ്ദാക്കിയത് കാരണം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മാതാപിതാക്കളും, സി ജെ പി പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർത്ഥികളും മുന്നിൽ നടക്കാനാണ് തീരുമാനം. പ്രതിഷേധക്കാർക്ക് എതിരായ എഫ് ഐ ആറുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം ധനസഹായം നൽകുക എന്നീ ആവശ്യങ്ങളിൽ ഉറപ്പുനൽകിയാണ് സമരം സർക്കാർ അവസാനിപ്പിച്ചത്.
രണ്ട് ദിവസത്തിനകം രേഖാമൂലം ഇക്കാര്യങ്ങൾ എഴുതി നൽകാമെന്നടക്കം സർക്കാർ അന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ദില്ലിയിലും സംസ്ഥാനങ്ങളിലുമായി എത്ര എഫ് ഐ ആറുകൾ ഉണ്ടെന്ന വിവരം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് സർക്കാർ വാക്ക് പാലിക്കില്ലെന്ന് വിലയിരുത്തി സി ജെ പി പ്രവർത്തക സമിതി പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. മഹാരാഷ്ട്രയിൽ അഭിജിത് ദീപ്കെയ്ക്കും രാജസ്ഥാനിൽ അശുതോഷ് രങ്കയ്ക്കും എതിരെ സ്കൂളുകൾ നന്നാക്കൂ പ്രചാരണത്തിന്റെ പേരിൽ എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തതും സി ജെ പിയെ ചൊടിപ്പിച്ചു.
ജന്തർമന്തർ സമരത്തിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ പ്രതിഷേധക്കാർക്ക് നിയമസഹായം ഉൾപ്പെടെ നൽകി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മുന്നോട്ട് പോകുകയാണ്. സംഭവത്തിൽ കേസ് എടുക്കാത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നത് ഏറെ ജനശ്രദ്ധനേടിയിരുന്നു.
സി ജെ പി ഒന്നും ചെയ്യുന്നില്ല എന്ന പരോക്ഷ വിമർശനം കോൺഗ്രസ് ഉയർത്തുകയാണ്. വിദ്യാർത്ഥി സമരത്തിന്റെ നേതൃത്വം ആകെ ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സി ജെ പി ഇന്ത്യ ഗേറ്റിൽ നിന്നുള്ള മാർച്ച് പ്രഖ്യാപിച്ചത്.
ജൂലൈ ഇരുപതിലെ പ്രതിഷേധം പോലെ ഇത് സംഘർഷഭരിതമാകാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യ ഗേറ്റിൽ നിന്നാണ് മാർച്ചെങ്കിൽ അത് നിയന്ത്രിക്കുകയും എളുപ്പമല്ല.
12, 13 തിയതികളിൽ ബ്രിക്സ് ഉച്ചകോടിക്കായി ഇരുപതോളം രാഷ്ട്രനേതാക്കൾ ദില്ലിയിൽ എത്താനിരിക്കെയാണ് പ്രക്ഷോഭം എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

