കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ചെറിയൊരു ഇടം എങ്ങനെ വിജയഗാഥയാക്കി മാറ്റാം എന്ന് തെളിയിക്കുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി. വിശ്വൻ.
ഫറോക്ക് നഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിൽ ഉൾപ്പെട്ട പനോളിപറമ്പിലെ തന്റെ ഇരുനില വീടിന്റെ ടെറസിലാണ് ഇദ്ദേഹം വിസ്മയകരമായ രീതിയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയിപ്പിച്ചിരിക്കുന്നത്.
വലിയ അളവിലുള്ള ഭൂമിയോ കൃഷിയിടമോ ഇല്ലാതെ തന്നെ മികച്ച രീതിയിൽ കാർഷിക വിജയം നേടാമെന്ന് ഈ സംരംഭം സാക്ഷ്യപ്പെടുത്തുന്നു. പണ്ടു മുതലേ കൃഷിയോട് താൽപര്യമുണ്ടായിരുന്ന വിശ്വന്, ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ അനന്തസാധ്യതകളെക്കുറിച്ച് അറിവ് ലഭിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്.
ജില്ലയിൽ ഇതേ രീതിയിൽ കൃഷി വിജയിപ്പിച്ച കർഷകരുടെ അനുഭവങ്ങൾ അദ്ദേഹത്തിന് വലിയ തോതിൽ പ്രചോദനമായി മാറി. തുടക്കത്തിൽ കേവലം 10 തൈകളിൽ ആരംഭിച്ച ഈ കൃഷി ഇപ്പോൾ വളർന്ന് 140 ചെടികളിലെത്തി നിൽക്കുന്നു.
കഴിഞ്ഞ 5 വർഷമായി ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന വിശ്വൻ, പൂർണ്ണമായും ജൈവ രീതിയാണ് കൃഷിക്കായി അവലംബിച്ചിരിക്കുന്നത്. വിപണിയിൽ നിന്നു ലഭ്യമാകുന്ന പഴങ്ങളെ അപേക്ഷിച്ച് ഉയർന്ന ഗുണനിലവാരവും സ്വാദും തന്റെ തോട്ടത്തിൽ വിളയുന്ന പഴങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.
ജൈവ രീതിയായതുകൊണ്ടുതന്നെ നിരവധി ആവശ്യക്കാരാണ് ഇപ്പോൾ വിശ്വനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. 20 ലീറ്റർ പെയിന്റ് ബക്കറ്റുകളിലാണ് ടെറസിനു മുകളിൽ കൃഷി സജ്ജീകരിച്ചിരിക്കുന്നത്.
ചെടിയിൽനിന്ന് മൂത്ത കമ്പ് 10 ഇഞ്ച് വലുപ്പത്തിൽ മുറിച്ചെടുത്താണ് തൈകൾ വേരുപിടിപ്പിച്ചു വളർത്തുന്നത്. ഏകദേശം 3 മാസം വളർച്ചയെത്തുമ്പോൾ ഇവ ബക്കറ്റുകളിലേക്ക് മാറ്റി നടുന്നു.
മുക്കാൽ ഇഞ്ച് വലുപ്പത്തിൽ 3 ദ്വാരങ്ങൾ ഇട്ട ബക്കറ്റിൽ കരിയില, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, ചകിരിച്ചോർ, മണ്ണ് എന്നിവ ചേർത്ത മിശ്രിതം നിറച്ചാണ് നടീൽ മിശ്രിതം തയാറാക്കുന്നത്.
പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, ശർക്കര എന്നിവ ചേർത്ത ലായനി 5 ദിവസം പുളിപ്പിച്ചെടുത്ത് നേർപ്പിച്ചാണ് വളമായി നൽകുന്നത്. ഒരു കപ്പ് ലായനിയിൽ 9 കപ്പ് വെള്ളം ചേർത്താണ് ഇത് നേർപ്പിക്കുന്നത്.
നടന്ന് 8 മാസത്തിനകം ചെടി പൂവിടുകയും, തുടർന്ന് 30 ദിവസംകൊണ്ട് കായ്ഫലം ലഭിച്ചുതുടങ്ങുകയും ചെയ്യും. ഒരു ചെടിയിൽ നിന്ന് 15 പഴങ്ങൾ വരെ ലഭിക്കുന്നുണ്ട്.
വളപ്രയോഗത്തോടൊപ്പം നല്ല സൂര്യപ്രകാശവും ഡ്രാഗൺ ഫ്രൂട്ടിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. വെള്ളം കെട്ടിനിൽക്കാതെ നോക്കുക എന്നതാണ് പരിചരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട
കാര്യം. കൃഷിയോട് താൽപര്യമുള്ള ആർക്കും ഇത് വിജയകരമായി ചെയ്യാമെന്ന് വിശ്വൻ വ്യക്തമാക്കുന്നു.
ആവശ്യക്കാർക്ക് തൈകളും കൃഷിരീതി സംബന്ധിച്ച വിവരങ്ങളും ഇദ്ദേഹത്തിൽ നിന്ന് ലഭ്യമാണ്. ബന്ധപ്പെടേണ്ട
നമ്പർ: 98472 48569. ടെറസിനു പുറമേ വീടിനു ചുറ്റും മഞ്ഞൾ, കപ്പ, ചേന എന്നിവയും വിശ്വൻ കൃഷി ചെയ്യുന്നുണ്ട്.
കൂടാതെ, വീടിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന 8 വലിയ ചട്ടികളിലെ കുറ്റിക്കുരുമുളകു ചെടികളിൽ നിന്നും വീട്ടാവശ്യത്തിനുള്ള കുരുമുളക് സുലഭമായി ലഭിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

