ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ സ്ക്രീൻ കോർണറുകളിൽ കാണപ്പെടുന്ന ചെറിയ ഗ്രീൻ ഇൻഡിക്കേറ്റർ ലൈറ്റുകളെ പലപ്പോഴും ഉപയോക്താക്കൾ അവഗണിക്കാറുണ്ട്. എന്നാൽ ഫോണിന്റെ സുരക്ഷാ പരിശോധനകളിൽ ഏറെ നിർണ്ണായകമായ ഒന്നാണ് ഈ സംവിധാനം.
ഏതെങ്കിലും ആപ്പുകൾ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുമ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഈ ചെറിയ സൂചകം, പശ്ചാത്തലത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് നൽകുന്നു. Android 12 പതിപ്പുമുതലുള്ള ഫോണുകളിൽ ഏതെങ്കിലും ആപ്പ് ക്യാമറയോ മൈക്രോഫോണോ സജീവമായി ഉപയോഗിക്കുമ്പോൾ സ്റ്റാറ്റസ് ബാറിൽ പച്ച നിറത്തിലുള്ള ഈ ഡോട്ട് ദൃശ്യമാകും.
ഉപയോക്താക്കളുടെ ശ്രദ്ധ തിരിക്കാത്ത വിധം വളരെ ചെറുതായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ Android 16 QPR3-ൽ ലൊക്കേഷൻ പരിശോധിക്കുന്നതിനായി പുതിയ നീല നിറത്തിലുള്ള ഇൻഡിക്കേറ്ററും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.
പച്ച ഡോട്ട് ഏത് ആപ്പാണ് പ്രവർത്തിപ്പിക്കുന്നതെന്ന് കണ്ടെത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി സ്ക്രീൻ താഴേക്ക് സ്വൈപ്പ് ചെയ്ത് ഇൻഡിക്കേറ്ററിൽ ടാപ്പ് ചെയ്താൽ ആ സമയത്ത് സെൻസർ ഉപയോഗിക്കുന്ന ആപ്പ് ഏതാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
വീണ്ടും ടാപ്പ് ചെയ്താൽ പെർമിഷൻ കൺട്രോളുകളിലേക്ക് നേരിട്ട് പോകാനും സാധിക്കും. മുൻകാലങ്ങളിൽ ആപ്പുകൾക്ക് നൽകിയ അനുമതികൾ പരിശോധിക്കാൻ Privacy Dashboard സഹായിക്കുന്നു.
ഫോണിലെ Settings > Security and privacy > Privacy dashboard വഴി ഏതൊക്കെ ആപ്പുകൾ ക്യാമറയോ മൈക്രോഫോണോ ലൊക്കേഷനോ ഉപയോഗിച്ചുവെന്ന് ടൈംലൈൻ രൂപത്തിൽ പരിശോധിക്കാനാകും. ആപ്പുകൾക്ക് നൽകിയിട്ടുള്ള അനുമതികൾ റദ്ദാക്കാനോ താൽക്കാലികമായി നിയന്ത്രിക്കാനോ ഇതിലൂടെ സാധിക്കും.
കൂടാതെ, ക്യാമറയും മൈക്രോഫോണും ഒറ്റ ടച്ചിൽ പൂർണ്ണമായി ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ആൻഡ്രോയിഡിലുണ്ട്. Quick Settings വഴി ക്യാമറ, മൈക്രോഫോൺ ആക്സസ് എന്നിവ താൽക്കാലികമായി ഓഫ് ചെയ്യാൻ സാധിക്കുന്ന ടോഗിളുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

