പ്രകൃതിദുരന്തത്തിന്റെ ദുരിതങ്ങൾക്കിടയിലും മനുഷ്യത്വത്തെ വെല്ലുവിളിക്കുന്ന കുറ്റകൃത്യങ്ങൾ നേപ്പാളിൽ വർധിക്കുന്നു. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ, പ്രളയത്തിൽ ഒലിച്ചുവന്ന ബാങ്ക് ലോക്കറും മൃതദേഹങ്ങളിൽ നിന്ന് സ്വർണാഭരണങ്ങളും മോഷ്ടിക്കപ്പെട്ട
സംഭവങ്ങൾ പുറത്തുവന്നു. ത്രിശൂലി നദിയിൽ ഒലിവെത്തിയ ബാങ്ക് ലോക്കർ കുത്തിത്തുറന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് 29 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ധാഡിങ്ങിലെ ഗാൽച്ചി മേഖലയിലൂടെ ഒഴുകിയെത്തിയ ലോക്കറാണ് നാട്ടുകാർ ചേർന്ന് പൊളിക്കാൻ ശ്രമിച്ചത്. വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത വ്യക്തികളുടെ കൈകളിൽ നിന്ന് ആകെ 92,68,505 നേപ്പാളി രൂപയാണ് (ഏകദേശം 57 ലക്ഷം രൂപ) പിടിച്ചെടുത്തത്. പിടിയിലായവരിൽ ഭൂരിഭാഗവും ഗാൽച്ചി-4 ലെ മസ്താർ പ്രദേശത്തുനിന്നുള്ളവരാണ്.
കൂടാതെ ഗാൽച്ചി-6 ലെ അദംഘട്ട്, സിദ്ധാലെക്ക്-7 ലെ അദംതാർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. 19 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് ഈ സംഘത്തിലുള്ളത്.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് ഊർജിതമായി അന്വേഷിച്ചുവരികയാണ്. മറ്റൊരു സംഭവത്തിൽ, നാരായണി നദിയ്ക്ക് സമീപം മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ ഊരിയെടുത്ത രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹത്തിൽ നിന്ന് രണ്ട് പുരുഷന്മാർ ചേർന്ന് കമ്മൽ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് നേപ്പാളിൽ ശക്തമായ മിന്നൽ പ്രളയമുണ്ടായത്.
ദുരന്തത്തിൽ ഇതുവരെ 626 പേർ ജീവൻ വെടിഞ്ഞു. കൂടാതെ 2426 പേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ ദുരന്തത്തിൽപ്പെട്ട ഇന്ത്യയിൽ നിന്നുള്ള 300 പേർ ഉൾപ്പെടെയുള്ളവർക്കായി ഇപ്പോഴും ഊർജിതമായ തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

